കൊട്ടാരക്കര: പ്രണയവിവാഹത്തിൽ കലിപൂണ്ട് യുവതിയുടെ ബന്ധു യുവാവിന്റെ വീടിന് തീയിട്ടു. പള്ളിക്കൽ കിഴക്ക് ചരുവിള പുത്തൻവീട്ടിൽ ദീനുവിന്റെ വീടിനാണ് യുവതിയുടെ ബന്ധുവായ പള്ളിക്കൽ കിഴക്ക് പ്ലാവിള വീട്ടിൽ ജി.ശ്രീകുമാർ തീയിട്ടത്. പ്രണയത്തിൽ കലിപൂണ്ട് വരന്റെ വീട് കത്തിച്ചെങ്കിലും വിവാഹം മുടങ്ങിയില്ല. ദീനുവിന്റെയും ആതിരയുടെയും വിവാഹം തീപിടിച്ച എതിർപ്പിലും സാധ്യമായി.
വെള്ളിയാഴ്ച പുലർച്ചെയാണ് ദീനുവിന്റെ വീടിന് തീയിട്ടത്. എൻജിനീയറിങ് ബിരുദധാരിയായ ദീനുവിന്റെ സർട്ടിഫിക്കറ്റും ആധാറും ഉൾപ്പടെ എല്ലാം കത്തി നശിച്ചു. ടി.വി. ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങളും നശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുവായ പള്ളിക്കൽ കിഴക്ക് പ്ലാവിള വീട്ടിൽ ജി.ശ്രീകുമാറിനെ
(33) പോലീസ് അറസ്റ്റ് ചെയ്തു.
ദീനുവിന്റെയും ആതിരയുടെയും പ്രണയത്തെ ശ്രീകുമാർ മുമ്പു തന്നെ എതിർത്തിരുന്നു. ശനിയാഴ്ച ഇരുവരുടെയും വിവാഹം നടത്താനിരിക്കെ വെള്ളിയാഴ്ച പുലർച്ചെ ശ്രീകുമാർ വീട് കത്തിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ദീനുവിന്റെ അമ്മ റജീനയും അച്ഛൻ തങ്കപ്പനും ഉൾപ്പടെയുള്ളവർ മറ്റൊരിടിത്തേക്കു മാറിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഷീറ്റ് മേഞ്ഞ വീടിനുള്ളിൽ തീയിട്ട യുവാവ് ഗ്യാസ് സിലണ്ടറുകളും തുറന്നു വിട്ടിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാ സേനയും സിലണ്ടറുകൾ വേഗത്തിൽ ഓഫാക്കിയതിനാൽ വലിയ ദുരന്തം വഴിമാറി. വീട്ടിലെ കട്ടിലും ടി.വി.യും ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങളെല്ലാം നശിച്ചു.ശ്രീകുമാർ അക്രമം കാട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് വീട്ടുകാർ രാത്രിയിൽ മറ്റൊരിടത്തേക്കു മാറിയതെന്നാണ് വിവരം. ശനിയാഴ്ച മഠത്തിൽ കാവ് ക്ഷേത്രത്തിൽ വിവാഹത്തിനു ശേഷം എല്ലാവരും കാരാമുകളിലുള്ള റജീനയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. കൊട്ടാരക്കര സി.ഐ. വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ളസംഘമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.