പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുർപ്രീത് കൗറും വിവാഹിതരായി

 അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. കുടുംബ സുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗർ ആണ് വധു. ചണ്ഡീഗഡില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന  ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. നാല്‍പ്പത്തിയെട്ടുകാരനായ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മുപ്പത്തിരണ്ടുകാരിയായ  ഡോ. ഗുര്‍പ്രീത് കൗറിനെ സ്വന്തമാക്കുമ്പോള്‍ സാക്ഷിയായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അടക്കമുള്ള പ്രമുഖരും സാക്ഷിയാകാന്‍ എത്തിയിരുന്നു.  ചണ്ഡീഗഡിലെ മുഖ്യമന്ത്രിയുടെ വസതിയില്‍  മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. കുടുംബ സുഹൃത്തും പെഹ്‍വ സ്വദേശിനിയുമായ ഡോ ഗുർപ്രീത് കൗർ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭഗവന്ത് മാനായി പ്രചാരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. ഗുർപ്രീതും ഭഗവന്ത് മാനും വളരെക്കാലമായി പരസ്പരം പരിചയമുള്ളവരാണ്. ഭഗവന്ത് മാന്‍റെ രണ്ടാം വിവാഹമാണിത്. ആറ് വർഷം മുന്‍പാണ് ആദ്യ വിവാഹബന്ധം വേർപെടുത്തിയത്.  രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് നടനായിരുന്നു ഭ​ഗവന്ത് മാൻ. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2014 മുതൽ 2022 വരെ പഞ്ചാബിലെ സംഗ്രൂർ ലോക്സഭാ മണ്ഡലത്തിലെ എംപി‌യായിരുന്നു. ഇന്ദർപ്രീത് കൗർ ആയിരുന്നു മാനിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ 21, 18 വ‌യസ്സുള്ള രണ്ട് മക്കളുണ്ട്. മക്കളും ഇന്ദർപ്രീതും ഇപ്പോൾ അമേരിക്കയിലാണ്. രണ്ടാം വിവാഹത്തിന് മാനിന് ഇന്ദർപ്രീത് ആശംസകൾ നേർന്നിരുന്നു. മാനിന് തന്റെ എല്ലാ പ്രാർഥനയുമുണ്ടായിരിക്കുമെന്നും ഇവർ പറഞ്ഞു.രണ്ട് വർഷം മുമ്പാണ് ഇരുവരും വേർ പിരിഞ്ഞത്. ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ചടങ്ങിന് സാക്ഷിയാകാന്‍ മക്കള്‍ എത്തിയിരുന്നു. ഭഗവന്ത് മാന്‍റെ വിവാഹം ഇന്നാണെന്ന വിവരം നാട്ടുകാരും, എന്തിന് വധുവിന്‍റെ അയല്‍ക്കാർപോലും അറിഞ്ഞത് ചാനലുകൾ വാർത്തയാക്കിയപ്പോഴാണ്. ആംആദ്മി പാർട്ടിയുടെ അട്ടിമറി വിജയം പോലെ മുഖ്യമന്ത്രിയുടെ കല്യാണക്കാര്യവും അപ്രതീക്ഷിതമായിരുന്നു.സിഖ് മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയായ രാഘവ് ചദ്ദയാണ് കല്യാണ പന്തലില്‍ നിറഞ്ഞ് നിന്നത്. ദില്ലിയില്‍നിന്നും അരവിന്ദ് കെജ്‍രിവാള്‍ കുടുംബസമേതം തന്നെ പഞ്ചാബിലെത്തി. മുതിർന്ന ആംആദ്മി പാർട്ടി നേതാക്കളും ചടങ്ങില്‍ പങ്കാളികളായി. ഗുർപ്രീത് കൗർ പഞ്ചാബിലെ കുരുക്ഷേത്രയ്ക്ക് സമീപം പഹ്‍വ സ്വദേശിയാണ്. കർഷക കുടുംബമാണ് ഇവരുടെത്. അച്ഛന്‍ ഇന്ദർജീത് സിംഗ്, മൂന്ന് സഹോദരിമാരില്‍ ഇളയവളായ ഗുർപ്രീത് 2018ലാണ് ഹരിയാനയിലെ സ്വകാര്യ കോളേജില്‍ മെഡിസിന്‍ പഠനം പൂർത്തിയാക്കിയത്. സഹോദരിമാർ വിദേശത്താണ്.