‘ആരോ കടലിൽ വീണു’; പെൺസുഹൃത്തിനെ തേടിയെത്തിയ യുവാവിനെ കാണാതായതിൽ ദുരൂഹത

തിരുവനന്തപുരം• ആഴിമലയില്‍ യുവാവിെന കാണാതായതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്നലെ വൈകിട്ടാണ് നരുവാമൂട് സ്വദേശി കിരണിനെ കാണാതായത്. സുഹൃത്തായ പെണ്‍കുട്ടിയെ കാണാനാണ് കിരണ്‍ ആഴിമലയില്‍ വന്നത്. കടലില്‍ വീണെന്നാണു സംശയം. വിപുലമായ തിരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഒരാൾ കടലിൽ വീണതായി സംശയമുണ്ടെന്ന് ആഴിമല ക്ഷേത്ര പരിസരത്തുള്ളവർ പൊലീസിനു വിവരം നൽകിയത്. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് സുഹൃത്തുക്കളും മറ്റുമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനാണ് കിരൺ ആഴിമലയിൽ എത്തിയത്. ഇതറിഞ്ഞെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ കിരണിനെ സംസാരിക്കാനായി വിളിച്ചുകൊണ്ടു പോയി. പിന്നാലെ കിരണിനെ കാണാതാവുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.കിരണിന് എന്താണ് സംഭവിച്ചത് എന്നതിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുഹൃത്തുക്കൾ പരാതി നല്‍കിയിരിക്കുന്നത്. സുഹൃത്തുക്കളുടെ മൊഴി വിഴിഞ്ഞം പൊലീസ് രേഖപ്പെടുത്തി. കടലിൽ ആൾ വീണിട്ടുണ്ടോ എന്നതിൽ തന്നെ വ്യക്തത വരാനുണ്ട്. തിരച്ചിൽ കൂടുതൽ ഊർജമാക്കാനാണ് പൊലീസ് തീരുമാനം.