ചേർത്തല: കണിച്ചുകുളങ്ങരയ്ക്ക് സമീപം ദേശിയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്ന സൈനികൻ മരിച്ചു. തകഴി പടഹാരം കായിത്തറ വീട്ടിൽ ബിനു ചാക്കോ (39)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഓട്ടോകാസ്റ്റിന് മുൻവശത്തായിരുന്നു അപകടം. അസമില്‍ ജോലി ചെയ്യുന്ന ബിനു ചാക്കോ കഴിഞ്ഞ 12 ന് നാട്ടിൽ വന്നതാണ്. ഇതിന് ശേഷം അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
അവധിക്ക് നാട്ടിൽ വന്നപ്പോൾ എറണാകുളത്തെ സുഹൃത്തിന്‍റെ കാറാണ് ഉപയോഗിച്ചിരുന്നത്. ഈ കാർ തിരികെ നൽകി നെടുമ്പാശ്ശേരിയിൽ നിന്ന് ഗോഹാട്ടി വിമാനത്തിൽ ജോലി സ്ഥലത്തേക്ക് മടങ്ങാനാണ് തകഴിയിലെ വീട്ടിൽ നിന്ന് ബിനു ഇറങ്ങിയത്. പൊള്ളാച്ചിയിൽ നിന്ന് തേങ്ങയുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയെ തുടർന്ന് കാറിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. മാരാരിക്കുളം പൊലീസും ഫയർഫോഴ്സും ചേർന്ന് കാർ പൊളിച്ചാണ് ബിനു ചാക്കോയെ പുറത്തെടുത്തത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ലോറി ഡ്രൈവർക്കും കൂടെ ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ബിനു ചാക്കോ കരസേനയിൽ നായിബ് സുബേദറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛൻ ചാക്കോ ജോസഫ്, അമ്മ തങ്കമ്മ ചാക്കോ ഭാര്യ ഷൈനി ( അദ്ധ്യാപിക ,ദേവമാതാ സ്കൂൾ ,ചേന്നങ്കരി) മക്കൾ ബിയോൺ ഷിനു, ഷാരോൺ മരിയ ശവസംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്നിന് പടഹാരം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടന്നു