അഞ്ചുതെങ്ങിൽ കടലാക്രമണം രൂക്ഷം : നിരവധി വീടുകൾ തകർന്നു.

അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തില്‍ വ്യാപക നാശം. പുലര്‍ച്ചെയോടെ ആരംഭിച്ച തിരയടിയില്‍ മാമ്പള്ളി മേഖലയില്‍ പത്തോളം വീടുകള്‍ കടലെടുത്തു.

ഒട്ടേറെ വീടുകളില്‍ വെള്ളംകയറി നഷ്ടം സംഭവിച്ചു. മാമ്പള്ളി ചായക്കുടി പുരയിടത്തില്‍ സെലിന്‍ആന്റണി, മണ്ണാക്കുളത്ത് റിച്ചാഡ്, ഷേര്‍ളിപൗലോസ്, എല്‍വിന്‍ മണ്ണാക്കുളം, മാമ്പള്ളി മണ്ണാക്കുളം സ്വദേശികളായ ആസ്കര്‍, പത്രോസ്, അനോജ, സില്‍വ, വിക്ടോറിയ, റോസ്മേരി, ബെയ്സില്‍ എന്നിവരുടെ വീടുകളാണു പൂര്‍ണമായി നശിച്ചത്. മാമ്ബള്ളി ചായക്കുടി പുരയിടത്തില്‍ സൂക്ഷിച്ച മല്‍സ്യബന്ധനോപകരണങ്ങള്‍ തിരയില്‍ ഒലിച്ചുപോയി.

മേഖലയില്‍‌ ഇരട്ടിയിലധികം വീടുകള്‍ക്കു സാരമായ നാശനഷ്ടങ്ങളുണ്ടായി. മാമ്ബള്ളി, മുണ്ടുതുറ, മണ്ണാക്കുളം, ചായക്കുടി എന്നിവിടങ്ങളില്‍ കടലാക്രമണത്തിനു ഇനിയും ശമനമായിട്ടില്ല. ഇടയ്ക്കിടെ ശക്തിയാര്‍ജിക്കുന്ന പേമാരിയും കാറ്റും അഞ്ചുതെങ്ങ് തീരമേഖലയിലെ വലിയൊരു പ്രദേശത്തു ജനജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്.

ഇതിനിടെ കടലാക്രമണം ആരംഭിച്ചിട്ടു മൂന്നുനാള്‍ പിന്നിടവേ ദുരിതബാധിതരെ കാണാനോ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനോ സര്‍ക്കാര്‍തലത്തില്‍ യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന പരാതിയും തീരത്തു ഉയര്‍ന്നുകഴിഞ്ഞു.