ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം, ഗൃഹനാഥൻ അറസ്റ്റിൽ

നെടുങ്കണ്ടം: ഇടുക്കി ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ടയാള്‍ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍.മോഷണം നടന്ന വീടിന്റെ ഗൃഹനാഥനായ രാജേന്ദ്രനാണ് അറസ്റ്റിലായത്. ഇയാളാണ് മോഷ്ടാവായ ജോസഫിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞദിവസമാണ് സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോസഫിന്റേത് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ജോസഫിന്റെ കഴുത്തിലെ എല്ലുകള്‍ പൊട്ടി ശ്വാസനാളിയില്‍ കയറി ശ്വാസതടസ്സമുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലായിരുന്നു സംഭവം. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ രാജേന്ദ്രന്റെ വീട്ടിലെ മോഷണശ്രമത്തിനിടെയാണ് സംഭവങ്ങളുടെ തുടക്കം. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രന്‍ ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്കോടുകയായിരുന്നു.