അഞ്ചുതെങ്ങ് മുതൽ ശംഖുമുഖം വരെ അടുത്ത അഞ്ചു വർഷത്തിനിടയിൽ അതിരൂക്ഷമായ തീരശോഷണം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്‌.

അഞ്ചുതെങ്ങ് മുതൽ ശംഖ്‌മുഖം വരെ തീരശോഷണം രൂക്ഷമാകുമെന്ന് കേരള സർവകലാശാല കാര്യവട്ടം ജിയോളജി വിഭാഗം മേധാവിയുടെയും സംഘത്തിന്റെയും പഠന റിപ്പോർട്ട്.

അഞ്ചുതെങ്ങ് മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനോടു ചേർന്ന് ശംഖുമുഖം ബീച്ച് വരെ അടുത്ത അഞ്ചു വർഷത്തിനിടയിൽ അതിരൂക്ഷമായ തീരശോഷണം സംഭവിക്കുമെന്ന് പഠനം.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് കടലേറ്റം പൊതുവേ ഉയർന്ന നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു . കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ജിയോളജി വിഭാഗം മേധാവി ഇ ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കഴിഞ്ഞ 14 വർഷത്തിനിടയിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെയുള്ള 58 കിലോമീറ്റർ തീരത്തിനുണ്ടായ മാറ്റം പ്രത്യേകമായെടുത്താണ് പഠനം നടത്തിയത്.

റിമോട് സെൻസിങ് , ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ( ജിഐഎസ് ) , സ്ഥലപരിശോധന , മെഷീൻ ലേണിങ് ടൂൾസ് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ തീരത്തിന്റെ ഘടന , ബീച്ച് രൂപപ്പെടൽ , തീരം ഇടിയൽ എന്നിവയിൽ കാര്യമായ മാറ്റമുണ്ടായെന്നു കണ്ടെത്തി . 42 കിലോമീറ്ററിൽ കടലേറ്റം അതിരൂക്ഷമായി തീരശോഷണം നടക്കുന്നുണ്ട് . 13 കിലോമീറ്ററിൽ മണ്ണടിഞ്ഞ് ബീച്ച് രൂപപ്പെടുന്നുണ്ട് . 3 കിലോമീറ്ററിൽ കാര്യമായ മണ്ണിടിച്ചിലോ മണ്ണടിയലോ സംഭവിക്കുന്നില്ല . 14 വർഷത്തിനിടയിൽ ഏകദേശം 2.62 ചതുരശ്ര കിലോമീറ്റർ ഭൂമി തീരശോഷണത്തിൽ നഷ്ടമായി . 0.7 ചതുരശ്ര കിലോമീറ്റർ തീരം പുതിയതായി രൂപപ്പെട്ടു .

അഴിമുഖങ്ങളുടെയോ പുലിമുട്ടുകളുടെയോ സ്വാധീനം കൂടിയ തീരത്ത് ഒരു വർഷം 5-8 മീറ്റർ തീരം രൂപപ്പെടുമ്പോൾ സ്വാധീനം കുറഞ്ഞയിടങ്ങളിൽ 1-2 മീറ്റർ തീരമാണ് ഓരോ വർഷവും രൂപപ്പെടുന്നത് . പുലിമുട്ടുകളുടെ തെക്കു ഭാഗത്ത് തീര രൂപീകരണവും വടക്കു ഭാഗത്ത് തീരശോഷണവും അതിവേഗത്തിൽ സംഭവിക്കുന്നു . പഠനം നടത്തിയ പ്രദേശങ്ങളിൽ ഓരോ വർഷവും ശരാശരി 5 മീറ്റർ വീതം തീരശോഷണം സംഭവിക്കുന്നുണ്ട് . തീരശോഷണം ഏറ്റവും തീവ്രമായത് പൊഴിയൂരിലാണ് വർഷം തോറും 10.59 മീറ്റർ തീരം ഇടിയുന്നുണ്ട് . പൊഴിക്കര - ശംഖുമുഖം - വേളി വരെയുള്ള ഭാഗത്താണ് ഏറ്റവും വേഗത്തിൽ തീരശോഷണം സംഭവിക്കുന്നത്. അറബിക്കടലിനു ചൂട് വർധിച്ചതിനെത്തുടർന്ന് വർധിച്ചുവരുന്ന ചുഴലിക്കാറ്റ് ( സൈക്ലോൺ ) , കള്ളക്കടൽ പ്രതിഭാസം , തിരകളുടെ ഊർജത്തിലുമുണ്ടായ മാറ്റം , കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പിലുണ്ടായ വർധന തുടങ്ങിയവയാണ് തീരശോഷണത്തിനു പ്രധാന കാരണങ്ങളായി പഠനത്തിൽ പറയുന്നത് .

 നദികളിൽ നിന്നുള്ള എക്കൽ നിക്ഷേപത്തിന്റെ തോത് കുറഞ്ഞത് , പുലിമുട്ട് നിർമാണം , പുലിമുട്ടുകളുടെ നീളവും അവ തമ്മിലുള്ള അകലവും , തീരത്തു കൂടിയുള്ള സമുദ്രജല പ്രവാഹം , വടക്കു ഭാഗത്തേക്കു ധാതുക്കൾ ഉൾപ്പെടെയുള്ള മണലിന്റെ നീക്കം തുടങ്ങിയവയെല്ലാം കേരളത്തിന്റെ തീരത്ത് മാറ്റമുണ്ടാക്കുന്നുണ്ട് . കേരളത്തിന്റെ തീരസംരക്ഷണത്തിന് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഹൈബ്രിഡ് എൻജിനീയറിങ് പരിഹാരമാർഗങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്നു പഠനം ശുപാർശ ചെയ്യുന്നു .

കേരള സർവകലാശാല കാര്യവട്ടം ക്യാംപസിലെ ഡിപ്പാർട്മെന്റ് ഓഫ് ജിയോളജി വിഭാഗത്തിലെ ജിബിൻ പ്രദീപ് , സുബീഷ് ചന്ദ്രൻ , എച്ച്.അജാസ് , എസ്.ജി.ധനിൽദേവ് , കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ എസ്.എസ്.വിനോദ് ചന്ദ്ര , നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ഡി.എസ്.സുരേഷ് ബാബു എന്നിവർ ചേർന്നു നടത്തിയ പഠനം രാജ്യാന്തര പ്രസിദ്ധീകരണമായ എസ്റ്റോറൈൻ കോസ്റ്റൽ ആൻഡ് ഷെൽഫ് സയൻസ് ആണ് പ്രസിദ്ധീകരിച്ചത് .