നടൻ രാജ്മോഹന്‍ അന്തരിച്ചു,മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍

തിരുവനന്തപുരം:നടൻ രാജ്മോഹന്‍ അന്തരിച്ചു. 1967ല്‍ പുറത്തിറങ്ങിയ ‘ഇന്ദുലേഖ’ എന്ന ചിത്രത്തിലെ നായകനാണ് രാജ്മോഹന്‍.തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കലാനിലയം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ഒ ചന്തുമേനോന്റെ ‘ഇന്ദുലേഖ’ എന്ന നോവല്‍ ആധാരമാക്കിയുള്ള സിനിമയില്‍ മാധവന്‍ എന്ന നായകവേഷമാണ് രാജ്മോഹന്‍ അവതരിപ്പിച്ചത്. കലാനിലയം കൃഷ്ണന്‍നായരുടെ മരുമകനായിരുന്നു രാജ്മോഹന്‍. പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച്‌ മാറി താമസിച്ചു. ബന്ധം അകന്നതിന് ശേഷം സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കുകയായിരുന്നു രാജ്മോഹന്‍.

ഏറെക്കാലം നോക്കാന്‍ ആളില്ലാതെ ഒറ്റപ്പെട്ട് ജീവിച്ച അദ്ദേഹം പുലയനാര്‍കോട്ടയിലുള്ള അനാഥാലയത്തില്‍ അന്തേവാസിയായി. കഴിഞ്ഞ നാലാം തിയതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു അന്ത്യം. ഇന്നലെ മുതല്‍ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.