കല്ലമ്പലം: നാവായിക്കുളം വൈരമലയിൽ കട കുത്തിത്തുറന്ന് 23000 രൂപ കവർന്നു. നസീമിന്റെ ഉടമസ്ഥതയിലുള്ള അൽ ബയാൻ ജനറൽ സ്റ്റോറിലാണ് കവർച്ച നടന്നത്. സി സി ടി വി നിരീക്ഷണത്തിലുള്ള കടയിൽ മോക്ഷണ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ ഡി വി ആർ അടക്കം കള്ളന്മാർ കൊണ്ടുപോയി. പണം കൂടാതെ കടയിൽ നിന്നും സിഗററ്റും നഷ്ടപ്പെട്ടു.പണം സൂക്ഷിച്ചിരുന്ന മേശ കുത്തിത്തുറന്ന് മേശ വലിപ്പ് വലിച്ചൂരിയെടുത്ത് സമീപത്തെ വീട്ടുവളപ്പിൽ ഉപേക്ഷിച്ചിരുന്നു. കടയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളാകാം കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പുലർച്ചെ 4 മണിയോടെ കടയ്ക്കുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത വീട്ടിലെ വിനോദ് കടയിൽ ചെന്ന് നോക്കുമ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു.ഉടൻ തന്നെ കടയുടമയെ വിവരം അറിയിച്ചു. ഉടമ വന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി മനസിലായത്. ഇദ്ദേഹം കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ്, ഫിംഗർപ്രിന്റ് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ട് മാസമായി വൈരമല നിവാസികൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. അഞ്ജാതരായ ആളുകൾ പകലും രാത്രിയും വീടുകളുടെ വാതിലിനും ജന്നലിനും മുട്ടിയിട്ട് ഓടിമറയുന്നതാണ് കാരണം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലാണ് കൂടുതൽ ശല്യം. നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് പൊലീസിന് ലഭിച്ചത്. പൊലീസും നാട്ടുകാരും ഉറക്കമിളിച്ച് അഞ്ജാതനെ പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടിയിൽ കടയിൽ കവർച്ച കൂടി നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്