കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "ആധുനിക മാധ്യമ സംസ്കാരവും പോലീസും  ചരിത്രവഴികൾ  കാഴ്ചപ്പാടുകൾ"  എന്ന വിഷയത്തിൽ സംഘടിപ്പിച്ച മാധ്യമ സെമിനാർ വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങൾ കോർപറേറ്റുവൽക്കരിക്കപ്പെട്ട വർത്തമാനകാലത്ത് പൊതുബോധ നിർമിതികളുടെ ദുരുപയോഗത്തെ സമൂഹം കരുതലോടെ കാണണമെന്നും മാധ്യമസാക്ഷരത അനിവാര്യമായതും വാക്കുകൾ രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധത്തെ രൂപപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നാം ജീവിക്കുന്നതെന്നും പി രാജീവ് പ്രസ്താവിച്ചു.

പുറത്തുവരുന്ന മാധ്യമ വാർത്തകളിൽ പകുതിയിലേറെയും വസ്തുതകൾക്ക് നിരക്കുന്നതല്ലായെന്നും വാർത്തയിലെ വസ്തുത കണ്ടെത്താനുള്ള സംവിധാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നും മാധ്യമ ലോകത്ത് ഇന്ത്യയുടെ സ്ഥാനം 152 -)മത് ആണെന്നും  അതുകൊണ്ടുതന്നെ ഇതേ സ്ഥാനം തന്നെയാണ് ലോകത്ത് ഇന്ത്യയിലെ പൗരന്റെതെന്നും 
 വിഷയാവതരണം നടത്തി സംസാരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ പറഞ്ഞു. പോലീസ് ഹെഡ് കോട്ടേഴ്സ് എഐജി  ഹരിശങ്കർ ഐപിഎസ്, അഡ്വ ഹരീഷ് വാസുദേവൻ, മാധ്യമ നിയമ ഗവേഷകൻ അഡ്വ ശ്യാം ദേവരാജ്, കെ പി ഒ എ ജനറൽ സെക്രട്ടറി സി ആർ ബിജു എന്നിവർ സംസാരിച്ചു. കെ പി എ സംസ്ഥാന പ്രസിഡന്റ് ഷിനോദാസ് എസ് ആർ അധ്യക്ഷത വഹിച്ച സെമിനാറിൽ കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി പ്രവീൺ സ്വാഗതവും സംസ്ഥാന നിർവാഹക സമിതി അംഗം എം രേഷ്മ കൃതജ്ഞതയും രേഖപ്പെടുത്തി.