ജയില്‍ ചാടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ തടവുകാരൻ ഒടുവിൽ വലയിൽ വീണു

തിരുവനന്തപുരം: ജയില്‍ ചാടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ തടവുകാരൻ വലയിലേക്ക് വീണു. ഫയർഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് വീണത്. മരത്തിന് മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. സുഭാഷ് എന്ന തടവുപുള്ളിയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കൊലക്കേസിലെ പ്രതിയാണ്.

ആദ്യം ഇയാള്‍ ജയില്‍ വളപ്പില്‍നിന്ന് ഓടി പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് ജയിലിലെ പോലീസുദ്യോഗസ്ഥര്‍ കണ്ടു. ഇയാളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കവേ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിയിലാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറുകയായിരുന്നു.

സാമൂഹിക സുരക്ഷാ മിഷന്റെ വളപ്പിലാണ് ഇയാള്‍ കയറിയ മരമുള്ളത്.

ജീവപര്യന്തം തടവുകാരനായ കോട്ടയം സ്വദേശി സുഭാഷാണ് ജയില്‍ വളപ്പിലെ ചുറ്റുമതില്‍ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളില്‍ കയറിയത്. ജയില്‍ ഓഫീസില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ ഇയാള്‍ ഓടിയത്. മതില്‍ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെല്‍ട്ടര്‍ഹോം വളപ്പിലെ മരത്തില്‍ കയറുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു ആവശ്യം. അപകടം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാല്‍ത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാള്‍ മുന്‍പാണ് സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചത്.

ജയില്‍ മോചിതനാകണമെന്നതാണ് പ്രധാന ആവശ്യമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജഡ്ജിയെ നേരില്‍ കാണണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാല്‍ ഉദ്യോഗസ്ഥര്‍ ഏറെ നേരം അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ ശ്രമിച്ചു. മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിനു തടസമായി.

ഇയാള്‍ക്ക് പിന്നാലെ രണ്ട് ഉദ്യോ​ഗസ്ഥരും മരത്തിന് മുകളില്‍ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാള്‍. പിന്നീട് കൊമ്പൊടിഞ്ഞു താഴെ വീഴുകയായിരുന്നു.