വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, മറ്റൊരു യുവതിയുമായി കല്യാണം നിശ്ചയിച്ചു; യുവാവ് പിടിയില്‍

വർക്കല: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം കഴിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. വർക്കല ഇലകമൺ വി.കെ.ഹൗസിൽ പ്രണബ് (28) ആണ് പിടിയിലായത്. ഇയാളുമായി 2018 മുതൽ അടുപ്പത്തിലായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 

ഇരുവരുടെയും ബന്ധം ഇരു വീട്ടുകാർക്കും അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസ് പറയുന്നു. എന്നാൽ പ്രണബ് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് യുവതി 2021 സെപ്റ്റംബറിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടരെയും വിളിച്ചുവരുത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു. 

രണ്ടുവർഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പൊ ലീസിനോടു പ്രണബ് സമ്മതിക്കുകയും രേഖാമൂലം എഴുതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇയാളെ വിട്ടയച്ചത്. അതിനുശേഷം പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഇയാളെ അയിരൂർ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു