ഇന്ത്യന്‍ ഭരണഘട : അറിയേണ്ടതെല്ലാം..

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്ത് 15നാണ്. രാജ്യം റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടത് 1950 ജനുവരി 26നും.  സ്വാതന്ത്ര്യം കിട്ടിയെങ്കിലും അന്ന് സ്വന്തമായി ഒരു ഭരണഘടനയോടുകൂടിയ ഭരണവ്യവസ്ഥ രാജ്യത്ത് നിലവില്‍ വന്നിരുന്നില്ല.

 സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ 1946ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലി മൂന്നുവര്‍ഷത്തെ ശ്രമഫലമായാണ് ഇന്ത്യയുടെ ഭരണഘടന എഴുതി തയാറാക്കിയത്. 1949 നവംബര്‍ 26ന് ഭരണഘടന പൂര്‍ത്തിയായി. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തില്‍ വന്നു. അതോടെ ഇന്ത്യ സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി.

മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകള്‍ പഠിച്ച്, കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയുമാണ് നമ്മുടെ ഭരണഘടനക്ക് രൂപംനല്‍കിയത്.

പ്രത്യേക ഭരണഘടനക്കു കീഴില്‍ രാജ്യത്തെ ഭരണം നിര്‍വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് റിപ്പബ്ലിക്കുകള്‍.

 വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായി സംയോജിപ്പിക്കുന്ന ഫെഡറല്‍ സമ്പ്രദായത്തിലുള്ള രാഷ്ട്രമാണ് ഇന്ത്യ. പൊതുതെരഞ്ഞെടുപ്പുകളിലൂടെ നിശ്ചിത കാലത്തിനുശേഷം സ്റ്റേറ്റിന്റെ അധികാരം പുതുക്കുന്നു. രാഷ്ട്രത്തലവനായ പ്രസിഡന്റിനെയും ഭരണത്തലവനായ പ്രധാനമന്ത്രിയെയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന രീതി നിലനില്‍ക്കുന്ന രാജ്യങ്ങള്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കാണ്.

ഇന്ത്യ ജനകീയ ജനാധിപത്യ റിപ്പബ്ലിക്കാണ്.രാഷ്ട്രത്തിന്റെ ഘടന നിര്‍ണയിക്കുകയും എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന മൗലിക നിയമങ്ങളുടെ സമാഹാരമാണ് ഭരണഘടന.
 ഭരണഘടനാനുസൃതമായി പുതിയ നിയമങ്ങള്‍ എപ്രകാരം നിര്‍മിക്കണം, നടപ്പാക്കണം, നിയമലംഘനം നടത്തുന്നവരെ എങ്ങനെ ശിക്ഷിക്കണം എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഭരണഘടനയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് സവിശേഷമായ ആറു അടിസ്ഥാന തത്ത്വങ്ങളുണ്ട്. ജനകീയ പരമാധികാരം, മൗലികാവകാശങ്ങള്‍, രാഷ്ട്ര നയനിര്‍ദേശക തത്ത്വങ്ങള്‍, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ഫെഡറല്‍ സമ്പ്രദായം, ക്യാബിനറ്റ് സമ്പ്രദായം എന്നിവ.

▪️എന്തുകൊണ്ട് ജനുവരി 26.. ❓️
 

ഇന്ത്യ റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് 1929 ഡിസംബര്‍ 31ന് ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം "പൂര്‍ണസ്വരാജ്യമാണ് നമുക്ക് വേണ്ടതെന്ന്' പ്രഖ്യാപിച്ചു. 1930 ജനുവരി 26ന് ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സ്മരണ നിലനിര്‍ത്താനാണ് റിപ്പബ്ലിക്ദിനമായി ജനുവരി 26 തെരഞ്ഞെടുത്തത്.

▪️നല്ലതെല്ലാം നാമെടുത്തു.

വിവിധ രാജ്യങ്ങളുടെ ഭരണഘടനയില്‍നിന്ന് മികച്ചവ തെരഞ്ഞെടുത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. വ്യക്തിസ്വാതന്ത്ര്യം ഫ്രാന്‍സില്‍നിന്നും മൗലികാവകാശങ്ങള്‍ സോവിയറ്റ് യൂണിയനില്‍നിന്നും ജനകീയ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് സംവിധാനവും ബ്രിട്ടനില്‍നിന്നും സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം അമേരിക്കന്‍ ഭരണഘടനയില്‍നിന്നുമാണ് നാം സ്വീകരിച്ചത്.

ഇതിനായി അക്ഷീണം പ്രയത്നിച്ചത് നിയമപണ്ഡിതനായ അംബേദ്കര്‍ ആണ്. അംബേദ്കറെ ഭരണഘടനയുടെ ശില്‍പി എന്ന് വിളിക്കുന്നതും ഇതുകൊണ്ടാണ്. 1947 നവംബര്‍ നാലിന് ഭരണഘടനാ കമ്മിറ്റി ഭരണഘടനാ നിര്‍മാണസഭയില്‍ കരട് രൂപരേഖ അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണഘടനയുടെ ഉള്ളടക്കം ചര്‍ച്ചചെയ്യാന്‍ ഭരണഘടനാ നിര്‍മാണസഭ ദിവസങ്ങളോളം സമ്മേളിച്ചു. കരട് രൂപരേഖയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചു. ഭരണഘടനാ നിര്‍മാണസഭ അധ്യക്ഷന്‍ ഡോ. രാജേന്ദ്രപ്രസാദ് 1950 ജനുവരി 24ന് ഭരണഘടന അംഗീകരിച്ച് ഒപ്പിട്ടു.

▪️ദേശീയ ചിഹ്നം

സിംഹമുദ്രയാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. ഇത് സാരനാഥിലുള്ളതും ബി സി മൂന്നാം നൂറ്റാണ്ടില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ചതുമായ സിംഹമുദ്രയുടെ യഥാര്‍ഥ പതിപ്പാണ്. സമാധാനത്തിന്റെയും വിമോചനത്തിന്റെയും സന്ദേശങ്ങള്‍ പ്രപഞ്ചത്തിെന്‍റ നാലുദിശകളിലേക്കും പകര്‍ന്നുകൊണ്ട് ഗൗതമബുദ്ധന്‍ ആദ്യമായി പ്രഭാഷണം നടത്തിയ സ്ഥലത്തിന്റെ അടയാളമാണ് സാരനാഥിലെ സിംഹമുദ്ര. ലോക സമാധാനത്തിനും നന്മക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാണ് ഈ ദേശീയ ചിഹ്നത്തിലൂടെ പ്രകടമാക്കുന്നത്.നാലു സിംഹരൂപങ്ങളാണ് ഈ ചിഹ്നത്തിലുള്ളത്. അതില്‍ ഒന്ന് മറഞ്ഞാണിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കാണുന്ന മൂന്ന് സിംഹരൂപങ്ങള്‍ അധികാരം, ധൈര്യം, ആത്മവിശ്വാസം എന്നിവയുടെ പ്രതീകങ്ങളാണ്. വിരിഞ്ഞുനില്‍ക്കുന്ന ഒരു താമരപ്പൂവില്‍ വൃത്താകൃതിയിലുള്ള പീഠത്തിലാണ് സിംഹരൂപങ്ങള്‍. താമര ജീവന്റെയും സര്‍ഗാത്മകതയുടെയും പ്രതീകമാണ്. സിംഹമുദ്രയുടെ താഴ്ഭാഗത്ത് ദേവനാഗിരി ലിപിയില്‍ "സത്യമേവ ജയതേ' - സത്യം മാത്രം വിജയിക്കുന്നു - എന്ന ആപ്തവാക്യവും ആലേഖനം ചെയ്തിരിക്കുന്നു.

▪️വലുത്,വലുതായിക്കൊണ്ടിരിക്കുന്നത്
 

ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഭാരതമാണ്. 22 ഭാഗങ്ങളും 395 വകുപ്പുകളും 12 ഷെഡ്യൂളുകളുമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന.വ്യക്തിയുടെയോ ഭരണകര്‍ത്താവിന്റെയോ സര്‍ക്കാറിന്റെയോ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഭരണഘടനയില്‍ സാധ്യമല്ല. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഭേദഗതികള്‍ സാധ്യമാവൂ. ഇങ്ങനെ അവസരോചിതമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായി ഇപ്പോഴും നമ്മുടെ ഭരണഘടന വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഭരണഘടനഒരു രാജ്യത്തിലെ ഭരണവ്യവസ്ഥ, സംവിധാനം, ഭരണകൂടത്തിന്റെ അധികാരങ്ങള്‍, ചുമതലകള്‍ തുടങ്ങി പൗരന്‍ എന്ന നിലയിലുള്ള മൗലികാവകാശങ്ങള്‍, പൗരന് രാഷ്ട്രത്തോടുള്ള കടമകള്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വചിക്കുന്ന അടിസ്ഥാന നിയമ സംഹിതയാണ് ഭരണഘടന. ഇന്ത്യ പരമാധികാര സോഷ്യലിസ്റ്റ്, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതിയും ചിന്താസ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം, സ്ഥിതിസമത്വം, അവസരസമത്വം തുടങ്ങിയവയും ഉറപ്പുവരുത്തുമെന്നും ഭരണഘടന ആമുഖത്തില്‍ ഉറപ്പുതരുന്നു. ഒരു വ്യക്തി, ഒരു വോട്ട്, ഒരേ മൂല്യം എന്ന ആശയത്തിലധിഷ്ഠിതമായ തെരഞ്ഞെടുപ്പാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിെന്‍റ അടിസ്ഥാനശില. രാഷ്ട്രത്തിെന്‍റയും പൗരന്മാരുടെയും അന്തസ്സും ഐക്യവും സാഹോദര്യവും അഖണ്ഡതയും വളര്‍ത്താനും സംരക്ഷിക്കാനും ഭരണഘടനയോടൊപ്പം ജനതയും ബാധ്യസ്ഥരാണ്. നമ്മുടെ മൗലികാവകാശങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നത് ഭരണഘടനയുടെ മൂന്നാം ഭാഗത്ത് 12മുതല്‍ 35വരെയുള്ള വകുപ്പുകളിലാണ്.

▪️ഭരണഘടന ഭേദഗതികൾ.
 
പലപ്പോഴായി ഭേദഗതികള്‍ക്കു വിധേയമായതാണ് ഇന്നത്തെ ഭരണഘടന. ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ 1976ല്‍ "ഭരണഘടനാ ഭേദഗതി'യിലൂടെ കൂട്ടിച്ചേര്‍ത്തതാണ്. അയിത്താചരണം കുറ്റകരമാക്കിയത് 1955ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ്. 1976ലെ 42ാം ഭേദഗതിയിലൂടെ 51എ വകുപ്പായി 10 മൗലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയോട് ചേര്‍ത്തു. പിന്നീട് ഒന്നുകൂടി ചേര്‍ത്ത് ഇപ്പോള്‍ 11 എണ്ണമുണ്ട്. 2003ല്‍ 92ാം ഭേദഗതിയോടെയാണ് ബോഡോ, സന്താലി, മൈഥിലി, ഡോഗ്രി ഭാഷകള്‍കൂടി എട്ടാം ഷെഡ്യൂളില്‍ ചേര്‍ത്തത്.

▪️ഭരണഘടന പിറക്കുന്നു.

1947 ആഗസ്റ്റ് 29നു ചേര്‍ന്ന ഭരണഘടനാ സമിതി യോഗം ഭരണഘടനയുടെ കരടുരേഖ തയ്യാറാക്കാന്‍ ഡോ. ബി ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിെന്‍റ അധ്യക്ഷതയില്‍ 30ന് സമിതി ആദ്യയോഗം ചേര്‍ന്നു. 1949 നവംബര്‍ 26ന് സമ്പൂര്‍ണ ഭരണഘടന തയ്യാറായി. അംബേദ്കറുടെ നേതൃത്വത്തില്‍ 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ കരട് തയാറാക്കിയത്. ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഭേദഗതികളോടെ ഇന്ത്യന്‍ ഭരണഘടന തയ്യാറാവാന്‍ മൂന്നു വര്‍ഷത്തോളമെടുത്തു.

▪️പ്രഥമ പ്രസിഡന്റ്.

കൂടുതല്‍ കാലം ഇന്ത്യയുടെ പ്രസിഡന്റായിരുന്നത് നമ്മുടെ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദാണ്. ബീഹാര്‍ ഗാന്ധി എന്നറിയപ്പെടുന്ന അദ്ദേഹം 1950 ജനുവരി 26മുതല്‍ 1962 മെയ് 12വരെ ആ സ്ഥാനത്ത് തുടര്‍ന്നു.മലയാളി സാന്നിധ്യംഭരണഘടനാ നിര്‍മാണസഭയില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. 17 പേര്‍. ഇതില്‍ മൂന്നു വനിതകള്‍. അവര്‍ ആരൊക്കെയായിരുന്നെന്നു നോക്കൂ. പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, പി എസ് നടരാജപിള്ള, ആനി മസ്ക്രീന്‍, കെ എ മുഹമ്മദ്, പി ടി ചാക്കോ, പനമ്പിള്ളി ഗോവിന്ദമേനോന്‍, അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, കെ മാധവമേനോന്‍, പി കുഞ്ഞിരാമന്‍, കെ ടി എം അഹ്മദ് ഇബ്രാഹിം, ബി പോക്കര്‍, എം കെ മേനോന്‍, അബ്ദുല്‍ സത്താര്‍ ഹാജി ഇസ്ഹാഖ് സേഠ്, മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ഡോ. ജോണ്‍ മത്തായി.