പൊലീസുകാർ വീടിന് സമീപം മൂത്രം ഒഴിച്ചു; ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം: പരാതിയിൽ കേസില്ല

തിരുവനന്തപുരം : കിളിമാനൂരില്‍ വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്‌തതിനു യുവാവിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ് മദ്യലഹരിയില്‍ അഴിഞ്ഞാടിയത്.
കിളിമാനൂര്‍ സ്വദേശി രജീഷിനെയാണ് മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ആക്രമിച്ചത്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി ആറ്റിങ്ങലിലേക്ക് പോകും വഴിയാണ് യൂണിഫോമില്‍ അല്ലാതിരുന്ന പൊലീസുകാര്‍ രജീഷിന്റെ വീടിന് സമീപമുള്ള ബവ്റിജസ് ഔട്ട്ലെറ്റിൽ എത്തിയത്. രജീഷിന്റെ വീടിനു സമീപം വാഹനം നിർത്തി മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതോടെയാണ് സംഘർഷം ഉണ്ടായത്. മുഷ്ടി ചുരുട്ടി മുഖത്ത് ഇടിച്ചതായും കയ്യിലും ദേഹത്തും മുറിവേറ്റതായും രജീഷ് പറഞ്ഞു. മർദ്ദിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചവരെ രജീഷ് തടഞ്ഞതോടെ വീണ്ടും ക്രൂരമായി മർദ്ദിച്ചു.പൊലീസുകാര്‍ക്കെതിരെ രജീഷ് ഉടന്‍ തന്നെ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതികൾ പൊലീസുകാരായതിനാൽ തുടർനടപടികൾ മനപ്പൂർവം വൈകിപ്പിക്കുകയാണ്. കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കാനായിരുന്നു കിളിമാനൂർ പൊലീസിന്റെ ശ്രമം. കേസെടുത്തില്ലെ ങ്കില്‍ കോടതിയെ സമീപിക്കാനാണ് രജീഷിന്റെ തീരുമാനം