കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്. വലിയ കരഘോഷത്തോടെയാണ് ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.
പനീര്‍ശെല്‍വം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും വിരുദ്ധമായാണ് ഒപിഎസ് പ്രവര്‍ത്തിക്കുന്നത്.പളനിസ്വാമിയുമായി ചേര്‍ന്ന് ജൂണ്‍ 23ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിനെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കുന്നതായും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും എംഎല്‍എമാരുമായ ആര്‍ വൈത്തിലിംഗം, പി എച്ച് മനോജ് പാണ്ഡ്യന്‍ എന്നിവരെയും മുന്‍ എംഎല്‍എ ജെസിഡി പ്രഭാകറിനെയും പുറത്താക്കിയതായി പ്രമേയത്തില്‍ പറയുന്നു.
എന്നാല്‍ തന്നെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തത് 1.5 കോടി പാര്‍ട്ടി പ്രവര്‍ത്തകരാണ്. പളനിസ്വാമിക്കോ, കെപി മുനിസ്വാമിക്കോ തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയ നടപടിയെ തുറന്ന് ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോടതിയെ സമീപിച്ച് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.