ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

ന്യൂഡൽഹി:ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി. ആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി. തിരഞ്ഞെടുപ്പ് ജയത്തിൽ ദ്രൗപതി മുര്‍മുവിനെ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ അഭിനന്ദിച്ചു.

വോട്ടെണ്ണലിന്റെ മൂന്നാമത്തെ റൗണ്ട് പൂര്‍ത്തിയാകുമ്പോൾ, കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മു മുന്നേറുന്നു.

5,777,77 വോട്ടുകള്‍ ഇതുവരെ ദ്രൗപതി നേടിയിട്ടുണ്ട്.

പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു.

വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം 3,78,000 വോട്ടുകള്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്.1,45,600 വോട്ടുമൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്.

1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനിച്ച ദ്രൗപതി, ബിജെപിയിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്കെത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.

1997ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു, റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു.

2000ല്‍ റായ്റംഗ്പൂര്‍ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്സണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

2000-2004 കാലയളവില്‍ റായ്‌റംഗ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായി. ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ-ഗതാഗത മന്ത്രിയായും ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മെയ് 18 ന് ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.