ആക്രിക്കാരന്റെ ചവിട്ടേറ്റ്. കഴക്കുട്ടത്ത് ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം:കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെട്ടയക്കോണം സ്വദേശി കെ ഭുവനചന്ദ്രന്‍ (65) ആണ് കൊല്ലപ്പെട്ടത്.വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കരള്‍ രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രന്‍ എന്നും പൊലീസ് പറയുന്നു.
ഭുവനചന്ദ്രൻ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയിൽ സംസാരിച്ചു നിൽക്കവെ അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതർക്കമുണ്ടായി.ഇതിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു.കരൾ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ.വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം ആന്തരീക രക്തസ്രാവമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.