തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ബാലരാമപുരം റസ്സല്‍പുരം സിമന്‍റ് ഗോഡൗണിനടുത്ത് വെച്ച് കിളിമാനൂര്‍ സ്വദേശി വിഷ്ണു എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ആഞ്ജനേയ്, വിഷ്ണു എന്നീ രണ്ട് പേരെ പൊലീസ് പിടികൂടിയത്. ബൈക്കിന് പോകാന്‍ സ്ഥലം കൊടുത്തില്ല എന്ന വിരോധമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ജോലിക്ക് വേണ്ടി പോകുകയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. ഈ സമയത്ത് മറ്റൊരു ഇരുചക്ര വാഹനത്തിലാണ് പ്രതികളെത്തിയിരുന്നത്. ബൈക്ക് റസല്‍പുരം സിമന്‍റ് ഗോഡൗണിന് അടുത്ത് എത്തിയപ്പോള്‍ എതിരെ ബൈക്കിലെത്തിയവര്‍ വിഷ്ണുവിന്‍റെ ബൈക്കില്‍ തട്ടുന്ന രീതിയില്‍ ഓടിച്ചുപോയി. ഇതിനെ വിഷ്ണു ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് അരികില്‍ നിര്‍ത്തിയവര്‍ വിഷ്ണുവിനെ മര്‍ദിക്കുകയും കുത്തുകയുമായിരുന്നു. ബാലരാമപുരം റസൽപുരം സിമൻ്റ് ഗോഡൗണിന് സമീപത്താണ് വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ ജില്ല വിട്ടിരുന്നു.