അതേസമയം, ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടിയെന്നാണ് വിവരം. പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മന്ത്രി സജി ചെറിയാന്‍ വൈകാതെ മാധ്യമങ്ങളെ കാണും.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നതാണ് ഇന്ത്യയിലെ ഭരണഘടനയെന്നായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ബ്രിട്ടീഷുകാരന്‍ പറഞ്ഞതാണ് ഇന്ത്യാക്കാര്‍ എഴുതിവെച്ചതെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മല്ലപ്പള്ളിയില്‍ ‘പ്രതിവാര രാഷ്ട്രീയ നിരീക്ഷണം’ എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്ക്കെതിരേ സംസാരിച്ചത്. സംഭവം വിവാദമാവുകയും പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തു.