കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. ഇന്നലെ അപകടത്തില്‍ മരിച്ച ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മകള്‍ മൂന്നു വയസുകാരി ശ്രേയ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയില്‍ നിന്നും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. ബിനീഷും അഞ്ചുവും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ശക്തമായ മഴയില്‍ ടയറുകള്‍ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നോവ ഓടിച്ചിരുന്ന അരവിന്ദ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെയും അഞ്ചുവിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.