കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തി,ഒപ്പമുണ്ടായിരുന്ന ബസ് ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ടയില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരിയെ കോട്ടയത്തുനിന്ന് കണ്ടെത്തി.കൂടെ ഉണ്ടായിരുന്ന ബസ് ഡ്രൈവറെ  പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നും ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോർട്ട്.

പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശി ഷിബിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടി എന്നും ഈ ബസിലാണ് സ്‌കൂളിലേക്ക് പോകാറ്. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന്് ബന്ധുക്കള്‍ മൂഴിയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്നേദിവസം വീട്ടിലും ബസിലും എത്തിയിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലര്‍ച്ചെ നാലിന് കണ്ണുവെട്ടിച്ച്‌ പെണ്‍കുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു. അതിന് ശേഷം ഇവര്‍ എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച്‌ വിവരമൊന്നുമില്ലായിരുന്നു. പോലീസിന്റെ സമയോജിതമായ അന്വേഷണമാണ് ഇരുവരെയും കണ്ടെത്താന്‍ കാരണമായത്.