എം എം മണിയെ പ്രകോപിപ്പിച്ച രമയുടെ വാക്കുകൾ;വിവാദ പരാമർശവുമായി മണി, ന്യായീകരിച്ചു മുഖ്യമന്ത്രി, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമക്കെതിരെ വിവാദ പരാമർശവുമായി മുന്‍മ​ന്ത്രി എം.എം. മണി. നിയമസഭ സമ്മേളനത്തിനിടെയാണ് മണിയുടെ പരാമര്‍ശം. പരാമർശത്തിനിടയാക്കിയത് പാര്‍ട്ടിക്കാരാല്‍ വന്ധ്യംകരിക്കപ്പെടുന്ന സംവിധാനമായി പൊലീസുകാര്‍ മാറിയെന്ന് തുടങ്ങിയ കെ കെ രമ എംഎല്‍എ നിയമസഭയില്‍ നടത്തിയ പ്രസംഗം.ആഭ്യന്തരവകുപ്പ് ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാര്‍ക്കൊപ്പം കുതിക്കുകയും ചെയ്യുകയാണെന്ന ആരോപണം ശക്തിപ്പെടുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിക്കരികിലേക്ക് ബോംബെറിഞ്ഞിട്ടും ആരെയും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനു പാതയൊരുക്കാന്‍ സമയം ചെലവഴിക്കുകയാണ് പൊലീസുകാര്‍. പൊതുജനങ്ങളെ ബന്ദികളാക്കി ചീറിപായുന്ന മുഖ്യമന്ത്രി, സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കെ കെ രമ പറഞ്ഞു.

ഇതിന് പിന്നാലെയായിരുന്നു, എം എം മണി എംഎല്‍എ കെ കെ രമയ്ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല’- മണി നിയമസഭയില്‍ പറഞ്ഞു. പരാമര്‍ശം കേട്ട് ബഹളം വെച്ച പ്രതിപക്ഷത്തിന് എതിരെ ‘മിണ്ടാതിരിയെടാ ഉവ്വേ’ എന്നായിരുന്നു മണിയുടെ പ്രതികരണം. ‘കൂവിയിരുത്തലൊന്നും എന്റടുത്ത് പറ്റില്ല. അതുമായി ബന്ധപ്പെട്ട് (ടിപി ചന്ദ്രശേഖരന്‍ വധക്കേസ്) രണ്ടുലക്ഷം പേരെ പീഡിപ്പിച്ചയാളാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.’ എം എം മണി പറഞ്ഞു.

നിയമസഭയിൽ വിവാദ പരാമര്‍ശം നടത്തിയ എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ. രമയെ അപമാനിച്ചു എന്നാണ് പ്രതിപക്ഷം പറയുന്നത്. എം.എം.മണിയുടെ ഭാഗത്ത് തെറ്റില്ല. മഹതി എന്ന് വിളിച്ചത് അപകീര്‍ത്തികരമല്ല. ഇപ്പോള്‍ സഭയിലെ പുതിയ പ്രവണത പ്രസംഗത്തിന് ശേഷം ഇറങ്ങിപ്പോകലാണ്. പാര്‍ലമെന്ററി സംസ്കാരത്തിന് ചേര്‍ന്നതല്ല ഇത്”. മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം രംഗത്തെത്തി. കൂട്ടത്തിലുള്ള സഹോദരിയെ മോശമായ രീതിയില്‍ അധിക്ഷേപിച്ച എം എം മണി മാപ്പ് പറയുന്നതുവരെ സഭ തുരടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മണി തോന്നിയവാസം പറയുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.എം.എം. മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കൂടെ രം​ഗത്തെത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

അതേ സമയം കൊന്നിട്ടും തീരാത്ത പകയാണ് സിപിഐഎമ്മിനെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയ്ക്ക് പുറത്ത് പ്രതികരിച്ചു. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ല ഇവർക്ക്. മുൻമന്ത്രി എം.എം. മണിയുടെ പ്രസ്താവന ഖേദകരമാണ്. പരാമർശം തെറ്റായിപ്പോയെന്ന് പോലും സ്പീക്കറോ മുഖ്യമന്ത്രിയോ പറഞ്ഞില്ലെന്നും രമ വ്യക്തമാക്കി.