നടന്നു പോകുന്നതിനിടെ വക്കിടിഞ്ഞ് ഒഴുക്കുള്ള തോട്ടിൽ വീണു: കൂട്ടുകാരി കൈപിടിച്ചു; സഹോദരിമാർക്ക് പുതുജീവൻ

നിറഞ്ഞൊഴുകിയ തോട്ടിൽ നിന്ന് കൂട്ടുകാരിയുടെ കൈപിടിച്ച് ജീവിതത്തിലേക്കു തിരികെ വന്നതിന്റെ ആശ്വാസത്തിലാണ് സഹോദരിമാരായ ബി.നന്ദനയും ബി.നിരഞ്ജനയും. ഒഴുക്കിൽപെട്ട ഇരുവരെയും കൈപിടിച്ചു കരയ്ക്കെത്തിച്ചത് കൂട്ടുകാരി ശ്രീദുർഗാദാസ്.
കഴിഞ്ഞ ദിവസം നൃത്തപഠനം കഴിഞ്ഞ് സുഹൃത്തുക്കളായ 4 പേർ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
കനത്ത മഴയിൽ കുട പിടിച്ച് നടക്കുന്നതിനിടെ വയലാംകുഴി തോടിന്റെ അരികിടിഞ്ഞ് കോളിയടുക്കം വയലാംകുഴിയിലെ ബി.അരവിന്ദാക്ഷന്റെയും കെ.സുമയുടെയും മകളായ ബി.നിരഞ്ജന തോട്ടിലേക്ക് വീണു. സഹോദരി വീണതുകണ്ട് രക്ഷിക്കാനായി ബി.നന്ദനയും തോട്ടിലേക്കു ചാടി.എന്നാൽ വെള്ളവും ഒഴുക്കും കൂടുതലായിരുന്നു. നീന്തലറിയാത്തതിനാൽ ഇവർക്ക് കരയിലേക്കെത്തുമായില്ല. അപകടം മനസ്സിലാക്കി, നീന്തലറിയാമായിരുന്ന ശ്രീദുർഗാദാസ് തോട്ടിലേക്കു ചാടി ഇരുവരെയും രക്ഷിക്കുകയായിരുന്നു.കരയിലുണ്ടായിരുന്ന ഗായത്രിദാസ് കയ്യിലെ കുട നീട്ടി ഇവരെ കരയിലേക്കു കയറാൻ സഹായിച്ചു.വയലാംകുഴിയിലെ കെ.വി.തുളസിദാസിന്റെയും സുമിതയുടെയും മകളാണ് സഹോദരിമാരെ രക്ഷിച്ച ശ്രീദുർഗാദാസ്. ചെമ്മനാട്‌ ജിഎച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കെ.വി.ഹരിദാസിന്റെയും സി.വി.വിധുബാലയുടെയും മകളാണ് ഗായത്രിദാസ്‌.