മടയിൽ കയറി ഇം​ഗ്ലീഷ് വീര്യത്തെ അടിച്ച് ടീം ഇന്ത്യ; സൂപ്പർ ഹീറോയായി ഹാർദിക്, ആവേശ വിജയം

സതാംപ്ടണ്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇം​ഗ്ലീഷുകാരുടെ വമ്പിന് ചുട്ട മറുപടി നൽകി ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തോൽവിക്ക് പകരം വീട്ടിയ രോഹിത്തും സംഘവും 50 റൺസിന്റെ മിന്നും വിജയമാണ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഹാർദിക്കിന്റെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ത്യയുയർത്തിയ വമ്പൻ വിജയ ലക്ഷ്യത്തിന് മുന്നിൽ അമ്പേ അടിപതറിയ ഇം​ഗ്ലീഷ് സംഘം ദയനീയമായി തോൽവി സമ്മതിക്കുകയായിരുന്നു.ഇന്ത്യക്ക് വേണ്ടി ഹാർദിക പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33) സൂര്യകുമാർ യാദവും (39) നടത്തിയ മിന്നൽ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിം​ഗ്സിന് ചാരുത പകർന്നു. ഇം​ഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിം​ഗിൽ ഹാരി ബ്രോക്കിനും (28) മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിൽക്കാനായത്.33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് തന്നെയാണ് ബൗളിം​ഗിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. ഭുവനേശ്വർ കുമാറിന്റെയും അർഷദീപ് സിം​ഗിന്റെ സ്വിം​ഗിൽ തുടക്കത്തിലേ പകച്ച പോയ ഇം​ഗ്ലീഷ് നിരയെ അക്ഷരാർഥത്തിൽ ടീം ഇന്ത്യ വരിഞ്ഞു മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ചഹാലും അർഷദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും പേരിലെഴുതി. 

സ്കോർ : ഇന്ത്യ - എട്ട് വിക്കറ്റ് നഷ്ടത്തിൽ 198
      ഇം​ഗ്ലണ്ട് - 148 റൺസിന് പുറത്ത്

ടോസിലെ ഭാഗ്യം ബാറ്റിംഗിലും തുടക്കത്തില്‍ ഇന്ത്യ പുറത്തെടുത്തു. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത്. സാം കറന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച് തുടങ്ങിയ രോഹിത് ടോപ്‌ലിയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സടിച്ച് ടോപ് ഗിയറിലായി. മൊയീന്‍ അലി എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയ രോഹിത്തിനെ ഓവറിലെ അവസാന പന്തില്‍ പുറത്താക്കി അലി തിരിച്ചടിച്ചു. 14 പന്തില്‍ 24 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം. വണ്‍ഡൗണായി ക്രീസിലെത്തിയ ദീപക് ഹൂഡ തുടക്കം മുതല്‍ അടിച്ചുതകര്‍ത്തെങ്കിലും മറുവശത്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ പാടുപെട്ട ഇഷാന്‍ കിഷനെ(8) മൊയീന്‍ അലി മടക്കി.
രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അടി തുടര്‍ന്ന ഹൂഡയും കിഷനു പകരമെത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയെ പവര്‍ പ്ലേയില്‍ 66 റണ്‍സിലെത്തിച്ചു. തകര്‍ത്തടിച്ച ഹൂഡ ടീം സ്കോര്‍ 100 കടക്കും മുമ്പ് മടങ്ങി. 17 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും പറത്തിയ ഹൂഡ 33 റണ്‍സടിച്ചു. ക്രിസ് ജോര്‍ദ്ദാനായിരുന്നു വിക്കറ്റ്.
ഹൂഡക്ക് പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. പാര്‍ക്കിന്‍സണ്‍ എറിഞ്ഞ പത്താം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഇന്ത്യയെ 100 കടത്തിയ പാണ്ഡ്യ ടൈമല്‍ മില്‍സിനെ സിക്സിന് പറത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയുടെ റണ്‍റേറ്റ് താഴാതെ കാത്തു. പന്ത്രണ്ടാം ഓവറില്‍ ബൗണ്‍സറില്‍ സൂര്യകുമാറിനെ(19 പന്തില്‍ 39) വീഴ്ത്തി ക്രിസ് ജോര്‍ദ്ദാന്‍ ഇന്ത്യക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചെങ്കിലും ലിയാം ലിവിഗ്സ്റ്റണിന്‍റെ ഒരോവറില്‍ മൂന്ന് ബൗണ്ടറി അടക്കം 15 റണ്‍സടിച്ച പാണ്ഡ്യയും അക്സറും ചേര്‍ന്ന് 14-ാം ഓവറില്‍ ഇന്ത്യയെ 150 കടത്തി. 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ടോപ്‌ലി പാണ്ഡ്യയെ(51) മടങ്ങി.
ലിയാം ലിവിംഗ്സ്റ്റണിന്‍റെ പന്തില്‍ പാണ്ഡ്യയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നഷ്ടമാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ പതിനാലാം ഓവറില്‍ 150 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന ആറോവറില്‍ 48 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. പത്തൊമ്പതാം ഓവറില്‍ ഹാര്‍ദ്ദിക് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു.ടൈമല്‍ മില്‍സ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ ദിനേശ് കാര്‍ത്തിക്കിനെ മൂന്നാം പന്തില്‍ മില്‍സ് മടക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി. അടുത്ത പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ റണ്ണൗട്ടായി. അവസാന മൂന്നോവറില്‍ 20 റണ്‍സ് മാത്രം നേടിയ ഇന്ത്യക്ക് 200 കടക്കാനായില്ല. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി രണ്ടോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായി. ഐപിഎല്ലില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.