കൊളംബോയില്‍ അടിയന്തരമായി ചേര്‍ന്ന യോഗമാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും രാജി ആവശ്യപ്പെട്ടത്. രാജി ആവശ്യപ്പെട്ടുള്ള യോഗ തീരുമാനം ഗോതബായയെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തടക്കമുള്ള പാര്‍ട്ടികള്‍ സ്പീക്കറുടെ അധ്യക്ഷതയിലാണ് അടിയന്തര യോഗം ചേര്‍ന്ന് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടത്.
സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.
ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.