തിരുവനന്തപുരം• എകെജി സെന്റർ ആക്രമണക്കേസിൽ പ്രതിയെ കണ്ടെത്താൻ പുതിയ നീക്കവുമായി പൊലീസ്. ആക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കാനാണ് നീക്കം. ആക്രമണത്തെ പിന്തുണച്ച പോസ്റ്റുകളാണ് നിരീക്ഷിക്കുന്നത്. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ നീക്കം. പോസ്റ്റിട്ട മൊബൈൽ എകെജി സെന്റർ പരിസരത്താണെങ്കിൽ ചോദ്യം ചെയ്യും.സംഭവം നടന്ന് 8 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിന്റെ ‘ക്ഷീണ’ത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ സർക്കാരിനു വലിയ തിരക്കില്ല. സമയമെടുത്ത് അന്വേഷിച്ചാലും പിടിക്കുന്നത് യഥാർഥ പ്രതിയെത്തന്നെയായിരിക്കണം എന്നാണു ഡിജിപിക്കു നൽകിയിരിക്കുന്ന നിർദേശം. കോൺഗ്രസ് പ്രവർത്തകനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ആദ്യം ആരോപിച്ച സിപിഎം നേതാക്കൾ പിന്നീടു പ്രസ്താവന മയപ്പെടുത്തിയിരുന്നു. എകെജി സെന്ററിന്റെ താഴത്തെ ഗേറ്റിലെ തൂണിലാണ് ഏറുപടക്കം പോലത്തെ വസ്തുവെറിഞ്ഞത്.2 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സംവിധാനം മുഴുവൻ ഉപയോഗിച്ചാണ് അന്വേഷണം. ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സ്കൂട്ടറിന്റെ നമ്പർ പോലും ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സോഫ്റ്റ്‌വെയറിലൂടെ ഈ ദൃശ്യം വലുതാക്കി നോക്കി വാഹന നമ്പറോ പ്രതിയുടെ മുഖമോ തിരിച്ചറിയാൻ കഴിയുമോ എന്ന ശ്രമവും സൈബർ പൊലീസ് ആരംഭിച്ചു. നൂറിലേറെ ക്യാമറകളിലെ ദൃശ്യങ്ങളാണു പൊലീസ് ശേഖരിച്ചത്.അതേസമയം, പ്രതി ഉപയോഗിച്ച തരത്തിലുള്ള സ്കൂട്ടറുകളുടെ നമ്പർ ശേഖരിച്ച് ആ ദിശയിലും അന്വേഷണം നടക്കുന്നുണ്ട്. മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് സംഭവസമയത്തെ മൊബൈൽ ഫോണുകളും പരിശോധിക്കുന്നുണ്ട്.