മേൽശാന്തിയുടെ കുടുംബത്തിന്റെ ദുരന്തത്തിൽ നടുങ്ങി മടവൂർ ഗ്രാമം

കിളിമാനൂർ• അടൂർ ഏനാത്ത് നിയന്ത്രണം തെറ്റി എതിരെ എത്തിയ കാർ ഒരു കുടുംബത്തെ തുടച്ചു നീക്കിയതിന്റെ ‍ഞെട്ടലിൽ മടവൂർ ഗ്രാമം. മടവൂർ പുലിയൂർക്കോണം ചാങ്ങയിൽക്കോണം വലംപിരിപിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ അന്തർജനം(63) ഏക മകൻ നിഖിൽരാജ്(ബാലു–32) എന്നിവരുടെ ജീവനാണ് പൊലിഞ്ഞത്. ഭട്ടതിരിയുടെ പ്രമേഹ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു ദുരന്തം സംഭവിച്ചത്. ഇന്നലെ പുലർച്ചെയാണ് മൂന്നു പേരും കാറിൽ വീട്ടിൽ നിന്നു യാത്ര പുറപ്പെട്ടത്. ഭട്ടതിരിയാണ് കാർ ഓടിച്ചിരുന്നത്. മകൻ നിഖിൽരാജ് മുന്നിലും ഭാര്യ ശോഭ അന്തർജനം പിന്നിൽ വലത് വശത്തുമായിരുന്നു.ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖിൽ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും. മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ 19 വർഷമായി മേൽശാന്തി ആയിരുന്നു ഭട്ടതിരി. സൗമ്യതയും സാധു പ്രകൃതവും ശീലം. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുക പോലും ചെയ്യാത്ത പ്രകൃതം. ഇന്നലെ രാവിലത്തെ പൂജയ്ക്ക് പകരം ശാന്തിക്കാരനെ ചുമതലപ്പെടുത്തിയിരുന്നു. വൈകിട്ടത്തെ പൂജയ്ക്ക് മടങ്ങി എത്തും എന്നറിയിച്ചാണ് ചൊവ്വ രാത്രിയിൽ ക്ഷേത്രത്തിൽ നിന്നു മടങ്ങിയത്. പട്ടാഴി കിഴക്കേഭാഗത്ത് മഠത്തിൽ പരേതരായ കൃഷ്ണൻഭട്ടതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് രാജശേഖര ഭട്ടതിരി.പട്ടാഴി ആലപ്പുറത്ത് മഠത്തിൽ പരേതരായ ത്രിവിക്രമ ഭട്ടതിരിയുടെയും ചന്ദ്രമതി അന്തർജനത്തിന്റെയും മകളാണ് ശോഭ അന്തർജനം. കോട്ടയം തിരുവഞ്ചൂർ താഴത്തിക്കര മുട്ടത്ത് ഇല്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെയും ഗീത അന്തർജനത്തിന്റെ മകളും, തിരുവനന്തപുരത്ത് ഐടി സ്ഥാപനമായ എൻവെസ്റ്റ്നെറ്റിലെ ഉദ്യോഗസ്ഥയുമാണ് നിഖിലിന്റെ ഭാര്യ രേഖ നാരായണൻ. പോസ്റ്റ്മോർട്ടത്തിനു ശേഷം 6.15ന് മൂന്ന് ആംബുലൻസുകളിലാണ് ഭൗതിക ശരീരങ്ങൾ മഠത്തിൽ കൊണ്ടു വന്നു. കുടുംബത്തിന് നാട് ഒന്നാകെ അന്തിമോപചാരം അർപ്പിച്ചു. സ്ത്രീകളും വീട്ടമ്മമാരും കണ്ണീരോടെയാണു വിട നൽകിയത്.രാത്രി 8 മണിയോടെ സംസ്കാരം നടന്നു. ഭട്ടതിരിയുടെ സഹോദരപുത്രൻ ബിജു അന്തിമ കർമങ്ങൾ നടത്തി.