ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ നിരോധനം; നിയമം ലംഘിച്ചാൽ കർശന നടപടി

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഇന്ന് മുതൽ നിരോധനം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും ഉത്പാദനവും തടയാൻ പ്രത്യേക കണ്ട്രോൾ റൂമുകളും, എൻഫോഴ്സമെൻറ് സ്ക്വാഡുകളും രൂപീകരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് അറിയിച്ചു. നിരോധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നവർക്കും, വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കുമെതിരെ കർശന നിയമ നടപടി ഉണ്ടാകും. സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിരോധിച്ച ഉത്പന്നങ്ങൾക്ക് പുറമെ 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളിലായി സംസ്ഥാന പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരമുളള ഉത്പന്നങ്ങള്‍ക്കും നിരോധനത്തിന്‍റെ പരിധിയിൽ വരും. കേരളത്തില്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ തുടക്കത്തിൽ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുത്തും. കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കും.

മിഠായി സ്റ്റിക്ക് , പ്ലാസ്റ്റിക് സ്റ്റിക്കോട് കൂടിയ ഇയർ ബഡ്‌സുകൾ, പ്ലാസ്റ്റിക് ഐസ്‌ക്രീം സ്റ്റിക്ക് , ബലൂണിലെ പ്ലാസ്റ്റിക്ക് സ്റ്റിക്ക് , മധുര പലഹാരങ്ങൾ-ക്ഷണക്കത്തുകൾ-സിഗരറ്റ് പാക്കറ്റുകൾ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് ഫിലിം, പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ, ബയോ മെഡിക്കൽ മാലിന്യങ്ങൾക്കായി ഉളളവ ഒഴികെയുള്ള പ്ലാസ്റ്റിക്ക് ഗാർബേജ് ബാഗുകൾ , ഏകോപയോഗ പ്ലാസ്റ്റിക് മേശവിരിപ്പുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ/സ്റ്റെറോഫോം ഉപയോഗിച്ചുളള അലങ്കാര വസ്തുക്കൾ, പ്ലേറ്റുകൾ, ടംബ്ലറുകൾ, ഏകോപയോഗ പ്ലാസ്റ്റിക് നിർമ്മിത സ്പൂൺ, ഫോർക്ക്, സ്‌ട്രോ, സ്റ്റീറർ, പ്ലാസ്റ്റിക്ക് ആവരണമുളള പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, ഇല, ബാഗുകൾ, പ്ലാസ്റ്റിക്ക് കൊടിതോരണങ്ങൾ, പിവിസി ഫ്‌ളെക്‌സുകൾ, പ്ലാസ്റ്റിക്ക് കോട്ടഡ് തുണി, പോളിസ്റ്റർ, നൈലോൺ, കൊറിയൻ തുണി ബാനറുകൾ, കുടിവെളള പൗച്ചുകൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള PET/PETE കുടിവെള്ളക്കുപ്പികൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പഴങ്ങളും പച്ചകറികളും പാക്ക് ചെയ്യുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകൾ എന്നിവയാണ് സംസ്ഥാനത്ത് നിരോധനത്തിന്‍റെ പരിധിയിൽ വരുക.