സിനിമാ താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ആദ്യം വിശ്വസത്തിലെടുത്തില്ലെങ്കിലും ഒപ്പം അബോധാവസ്ഥയിലുള്ള നോബിയുടെ ദൃശ്യങ്ങൾ കൂടി പ്രചരിച്ചതോടെ പ്രേക്ഷകർ അത് വിശ്വസിച്ചു. എന്നാൽ നോബി ആത്മഹത്യ ചെയ്തിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നതാണ് യാഥാർത്ഥ്യം. സോഷ്യൽ മീഡിയ പല പ്രശസ്ത വ്യക്തികളേയും ഇത്തരത്തിൽ കൊല്ലാതെ കൊന്നിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഇരയാണ് നോബി മാർക്കോസും. വിഷയത്തിൽ പ്രതികരണം തേടിയ പ്രതിനിധിയോട് നോബി ആദ്യം ചോദിച്ചതും രസകരമായ ഒരു ചോദ്യമായിരുന്നു ‘ഞാൻ മിനിഞ്ഞാന്ന് ആത്മഹത്യ ചെയ്തതാണ്. പിന്നെ എങ്ങനെ എന്നെ ഫോണിൽ കിട്ടി ?’ആദ്യം താൻ വാർത്തയല്ല കണ്ടത്, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണെന്ന് നോബി പറഞ്ഞു. നോബിയെ അറിയുന്ന നിരവധി പേരെ വാർത്ത ആശങ്കയിലാക്കി. വാർത്ത പ്രചരിക്കുമ്പോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാർത്തയെ കുറിച്ച് അറിയിച്ചത്. നോബി വിമാനത്തിലായിരുന്നു ആ സമയത്ത്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് പോലും നോബി ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടൻ നോബി ഭാര്യയെ വിളിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് മനസിലായത്.സോഷ്യൽ മീഡിയ ഉപകാരിയാണെങ്കിൽ ചില സമയത്ത് ഉപദ്രവമാണെന്ന് സ്റ്റാർ മാജിക്ക് താരം കൂടിയായ നോബി പറയുന്നു. ഉപദ്രവം മാത്രമല്ല ഇപ്പോൾ കൊലപാതകവും തുടങ്ങിയെന്ന് നോബി ചിരിച്ചുകൊണ്ട് പറഞ്ഞു. റീച്ച് കൂടാൻ ഓരോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും, നിലവിൽ പ്രചരിക്കുന്ന വിഡിയോ ‘കുരുത്തോല പെരുന്നാൾ’ എന്ന തന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലേതാണെന്നും നോബി വ്യക്തമാക്കി.