ഉടുമ്പഞ്ചോലയിലെ മോഷ്ടാവിന്റെ മരണത്തിൽ വഴിത്തിരിവ്, കൊലപാതകമെന്ന് സ്ഥിരീകരണം, കണ്ടെത്തിയതിങ്ങനെ 

ഇടുക്കി :ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌ മോർട്ടത്തിൽ സ്ഥിരീകരിച്ചു.  കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇടുക്കി ഉടുമ്പൻചോലക്ക്  സമീപം ചെമ്മണ്ണാറിൽവെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് തന്നെയായിരുന്നു പൊലീസിൻറെ പ്രാഥമിക നിഗമനം.പുലർച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറിൽ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻറെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാൻ കയറിയത്. വീടിൻറെ പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്. രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിൻറെ കൈതട്ടി ചാർജിങ്ങിനായിട്ടിരുന്ന മൊബൈൽ ഫോൺ നിലത്തു വീണു. ശബ്ദം കേട്ട്  രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു. പിന്തുടർന്ന് എത്തിയ ഇരുവരും തമ്മിൽ മൽപ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേൽപ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. എന്നാൽ മൽപ്പിടുത്തത്തിനിടെ കഴുത്ത് ഞെരിച്ചതാണ് മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതോടെ വീട്ടുടമസ്ഥൻ രാജേന്ദ്രനിലേക്ക് അന്വേഷണം നീങ്ങുകയാണ്.