കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകിക്കൊണ്ട് കൂട്ടയോട്ടം സംഘടിപ്പിച്ചു. വക്കം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും വക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് ആണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
ജീവിതമാണ് എന്റെ ലഹരി എന്ന സന്ദേശം നൽകിക്കൊണ്ട് നൂറോളം യുവാക്കൾ നടത്തിയ കൂട്ടയോട്ടം കടയ്ക്കാവൂർ എസ് എച്ച് ഒ അജേഷ് വി ഫ്ലാഗ് ഓഫ് ചെയ്തു. എസ് ഐ മാഹിൻ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ എസ് ഐ ജയപ്രസാദ്, സിപിഒ ശ്രീനാഥ്, കായിക അധ്യാപകൻ ലിജിൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വക്കം സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
ലോക ലഹരിവിരുദ്ധ പരിപാടിയുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കേന്ദ്രീകരിച്ചും ഓട്ടോ ഡ്രൈവേഴ്സ് റസിഡൻസ് അസോസിയേഷനുകളിലും നിരവധി ബോധവൽക്കരണ പരിപാടികളും റാലികളും സംഘടിപ്പിച്ചു.