*പി.ബിജുവിൻ്റെ പേരിൽ ഫണ്ട് തിരിമറിയെന്ന് ,നിഷേധിച്ച് ഡി വൈ എഫ് ഐ*

അന്തരിച്ച സി പി എം നേതാവും കാരേറ്റ് ആറാം താനം സ്വദേശിയുമായ പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്ന്  ആരോപണം. പാളയം ബ്ലോക്ക് കമ്മിറ്റിയിലാണ് തട്ടിപ്പ് നടന്നത്. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ് ഷാഹിനെതിരെയാണ് പരാതി. മേഖലാ കമ്മിറ്റികള്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ക്ക് പരാതി കൈമാറിയിട്ടുണ്ട്
പി ബിജുവിന്റെ സ്മരണാര്‍ത്ഥം സിപിഐഎം ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന റെഡ് കെയര്‍ സെന്ററിനായി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റികളോട് ഫണ്ട് പിരിച്ചുനല്‍കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. റെഡ് കെയര്‍ സെന്ററിന് പുറമേ ആംബുലന്‍സ് കൂടി വാങ്ങാന്‍ ലക്ഷ്യമിട്ടായിരുന്നു പാളയം ബ്ലോക്ക് കമ്മിറ്റി പിരിവ് ആരംഭിച്ചത്. ഓരോ മേഖലാ കമ്മിറ്റികളോടും രണ്ടര ലക്ഷം രൂപ വീതം നല്‍കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം ഒന്‍പത് ബ്ലോക്ക് കമ്മിറ്റികളും ചേര്‍ന്ന് പതിനൊന്നര ലക്ഷത്തോളം രൂപ പിരിച്ചെടുത്തു. ഇതില്‍ ആറ് ലക്ഷം രൂപ റെഡ് കെയര്‍ സെന്ററിനായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. ബാക്കി തുക ഷാഹിന്‍ വകമാറ്റിയെന്നാണ് ആരോപണം.
ഷാഹിനെതിരായ ആരോപണങ്ങള്‍ മെയ് ഏഴിന് നടന്ന സിപിഐഎം പാളയം ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഒരുലക്ഷത്തോളം രൂപ ബ്ലോക്ക് കമ്മിറ്റി അക്കൗണ്ടിലേക്ക് ഷാഹിന്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം രൂപ ഇനിയും ഇയാളില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് ആരോപണം. അഴിമതി നടത്തിയയാളെ ഒരുവിഭാഗം നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

 *ഫണ്ട് തട്ടിപ്പെന്ന വാർത്ത നുണ -DYFI*

 പി ബിജുവിന്റെ പേരിൽ ഫണ്ട്‌ തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന്‌ വ്യക്തമാക്കി ഡിവൈഎഫ്‌ഐ.

 ഏകപക്ഷീയമായി ചില മാധ്യമങ്ങൾ ഡിവൈഎഫ്‌യെ അപകീർത്തിപ്പെടുത്താനായി നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ പേര്‌ മാധ്യമങ്ങൾ വലിച്ചിഴച്ച്‌ വ്യാജവാർത്ത നൽകുകയായിരുന്നുവെന്ന്‌ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡിവൈഎഫ്‌ഐയെ സംബന്ധിച്ച്‌ ഇങ്ങനെയൊരു ആക്ഷേപം കൊടുക്കുമ്പോൾ അതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നുപോലും നേതൃത്വത്തോട്‌ ചോദിച്ചിട്ടില്ല. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്‌. റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്‌. ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാൻ ഡിവൈഎഫ്‌ഐയ്‌ക്കല്ലാതെ മറ്റാർക്കും കഴിയില്ല.

ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട്‌ ഡിവൈഎഫ്‌ഐയ്‌ക്ക്‌ ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ അവർക്ക്‌ കിട്ടുന്ന പരാതി എന്ന നിലയിൽ വാർത്തകൾ കൊടുക്കുകയായിരുന്നു.

 ഡിവൈഎഫ്‌ഐയ്‌ക്ക്‌ ലഭിച്ച ഫണ്ടിൽ കൃത്യമായി കണക്കുകളും ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റുകളും ഉണ്ട്‌. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്‌.

 ഇത്‌ പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാൻ വ്യക്തമാക്കി