കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ സ്ത്രീ അതേ ബസിടിച്ചു മരിച്ചു; ബസിന്റെ മുൻഭാഗത്തു നിന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല

ആയൂർ • കെഎസ്ആർടിസി ബസിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ അതേ ബസ് ഇടിച്ചു സാരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഉതിയൻകോണം തടത്തരികത്ത് പുത്തൻവീട്ടിൽ കൃഷ്ണന്റെ ഭാര്യ രാധയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ 7ന് ആയൂർ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനു മുന്നിലായിരുന്നു അപകടം. പൂവാറിൽ നിന്നു പമ്പയ്ക്കു സ്പെഷൽ സർവീസ് നടത്തിയ കെഎസ്ആർടിസി ഫാസ്റ്റ് ബസാണ് ഇവരെ ഇടിച്ചത്.ഇതേ ബസിൽ ഇവർ തിരുവനന്തപുരത്തു നിന്ന് ആയൂരിൽ ഇറങ്ങി. ഇതിനു ശേഷം ബസിന്റെ മുന്നിലൂടെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവർ ബസിന്റെ മുൻഭാഗത്തു നിന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടില്ല. മുന്നോട്ടെടുത്ത ബസിന്റെ അടിയിൽപെടുകയും പിൻചക്രം കാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. സാരമായി പരുക്കേറ്റ ഇവരെ വെഞ്ഞാറംമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കോന്നിയിലുള്ള വീട്ടിൽ ജോലിക്കു നിൽക്കുകയാണ്. ഇവിടേക്കു പോകുന്നതിന് ആയൂരിലെത്തി അഞ്ചൽ റോഡിന്റെ ഭാഗത്തേക്കു പോകുന്നതിനാണ് റോഡ് കുറുകെ കടന്നത്. ബാങ്ക് സംബന്ധമായ ആവശ്യത്തിനു രണ്ടു ദിവസം മുൻപാണ് ഇവർ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: രതീഷ്. രജീഷ്. മരുമക്കൾ: വിനീത, സൂര്യ. ചടയമംഗലം പൊലീസ് കേസെടുത്തു.