അമല അനുവിൻ്റെ കാർ കണ്ടെത്തി,അന്വേഷണ സംഘം എത്തിയപ്പോഴേക്കും വ്ലോഗർ മുങ്ങി

കൊല്ലം: മാമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന കേസിലെ പ്രതിയും വ്‌ളോഗറുമായ അമല അനുവിന്റെ കാര്‍ വനം വകുപ്പ് പിടിച്ചെടുത്തു. തിരുവനന്തപുരം കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. അതിനിടെ, കേസില്‍ അമല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ വനംവകുപ്പ് ഹൈക്കോടതയില്‍ എതിര്‍ക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഗുരുതരമായ നിയമലംഘനം നടത്തി അതിക്രമിച്ച് കയറിയ അമലയെ കുടുക്കാനാണ് വനംവകുപ്പിന്റെ നീക്കം.

കിളിമാനൂരില്‍ അമല ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനാപുരം റേഞ്ച് ഓഫീസറും സംഘവും എത്തിയെങ്കിലും അവിടെനിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. അവിടെനിന്നാണ് കാര്‍ കണ്ടെത്തിയത്. കിളിമാനൂരില്‍നിന്ന് പാലക്കാട് തിരുവല്വാമലയിലേക്കാണ് അമല ആദ്യം പോയത്. ഇവിടെ ഒരു സുഹൃത്തിന്റെ അടുത്താണ് എത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മനസ്സിലാക്കിയ അമല ഇവിടെ നിന്നും മുങ്ങി.