ലഹരിയിൽ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു, നടിയും കൂട്ടാളിയും കസ്റ്റഡിയിൽ

കൊച്ചി:കുസാറ്റ് ജംഗ്ഷൻ മുതൽ  അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നു സിനിമാ, സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിൽ. അമിതമായ തോതിൽ ലഹരി ഉപയോഗിച്ചിട്ടായിരുന്നു ഡ്രൈവിംഗ്.മൂന്ന് ബൈക്ക് യാത്രക്കാരെയും നിരവധി കാറുകളിലും വാഹനമിടിച്ചതായാണ് റിപ്പോർട്ട്. നേരത്തെയും ലഹരിമരുന്നു കേസിൽ പിടിയിലായിട്ടുള്ള നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെയായിരുന്നു യുവാവിന്റെ ഡ്രൈവിങ് അഭ്യാസം. നാട്ടുകാർ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തു വാഹനം തടയാൻ ശ്രമിച്ചതോടെ വെട്ടിച്ചെടുത്തു രക്ഷപെടാൻ നോക്കിയെങ്കിലും ടയർ പൊട്ടിയതിനെ തുടർന്നു നടന്നില്ല. ഇതോടെ വാഹനം ഉപേക്ഷിച്ചു രക്ഷപെടാനായി ശ്രമം. ഇതിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെനിന്നു വാഹനം എടുത്തപ്പോൾ മുതൽ പല വാഹനങ്ങളിൽ ഇടിച്ചെങ്കിലും നിർത്താതെ പോയി. തുടർന്നാണ് പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചത്. ഇതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോഴാണ് ടയർ പൊട്ടി വാഹനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായത്.

ആളുകൾ ചുറ്റിലും കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിച്ചു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. പിന്നീട് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിൽ നടിയെയും കണ്ടെത്തി. ഇവർക്ക് മെഡിക്കൽ പരിശോധന നടത്തും.

2018ൽ എംഡിഎംഎ ലഹരി പദാർഥവുമായി ഇരുവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. അന്ന് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനവും ലഹരി ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് പരിശോധന.