കല്ലമ്പലം• പഴയ വീടു വാങ്ങി പുതുക്കിപ്പണിത് കഴിഞ്ഞ വെള്ളിയാഴ്ച പാലു കാച്ചിയ വീട്ടിൽ മണികുട്ടനും കുടുംബവും താമസിച്ചത് ഒരു ദിവസം. പുതിയ വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിന് ഇടയിലാണ് നാടിനെ നടുക്കിയ കൂട്ട മരണം . ഇപ്പോൾ താമസിക്കുന്ന കുടുംബ വീട്ടിൽ നിന്ന് അര കിലോമീറ്റർ മാറി വർഷങ്ങൾക്ക് മുൻപ് മണികുട്ടൻ പഴയ ഓടിട്ട വീട് വാങ്ങിയിരുന്നു. അത് അടുത്ത സമയത്ത് പുതുക്കി പണിയുകയും കഴിഞ്ഞ വെള്ളിയാഴ്ച പാലുകാച്ചൽ ചടങ്ങ് നടത്തുകയും ചെയ്തു. ഒരു ദിവസം മാത്രം താമസിച്ച ശേഷം കുടുംബ വീട്ടിലേക്ക് മടങ്ങി. സാവധാനം പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.ഒറ്റ ദിവസം മാത്രം താമസിച്ച മണിക്കുട്ടനും കുടുംബത്തിനും അവിടത്തെ മണ്ണിൽ അന്തിയുറങ്ങാൻ ആയിരുന്നു വിധി. പോസ്റ്റ്മോർട്ടം നടപടികൾ കഴിഞ്ഞ് വൈകിട്ട് ആറു മണിയോടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തിരിച്ചു. ചാത്തൻപാറ ജംക്‌ഷനിൽ പൊതു ദർശനത്തിന് വച്ചശേഷം ഏഴു മണിയോടെ പുതിയ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഒ.എസ്.അംബിക എംഎൽഎ,മുൻ എംഎൽഎ ബി.സത്യൻ,വർക്കല ബ്ലോക്ക് പഞ്ചായത്ത്,പഞ്ചായത്ത് പ്രതിനിധികൾ ,കൂട്ടുകാർ,നാട്ടുകാർ ബന്ധുക്കൾ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
രണ്ടു പതിറ്റാണ്ടിന്റെ രുചിയോർമ
ആറ്റിങ്ങൽ–കല്ലമ്പലം ദേശീയപാതയിലെ യാത്രികർക്ക് പരിചിതമാണ് മണിക്കുട്ടന്റെ തട്ടുകടയിലെ രുചി. രണ്ടു മണി മുതൽ ചായ, ചെറുകടി എന്നിവയ്ക്ക് നല്ല തിരക്ക് . തുടർന്ന് അർധ രാത്രി വരെ കച്ചവടം. ബീഫ് കറിയും പൊറോട്ടയും പുട്ടും കഴിക്കാൻ ദൂരെ നിന്നു പോലും ആൾക്കാർ എത്താറുണ്ട്. ഇതിനിടെയാണ് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധനയും കട അടച്ചിടലും. 30ന് 5000 രൂപ പിഴ അടച്ചു. ഇന്നലെ തുറന്ന് പ്രവർത്തിക്കാൻ ഇരിക്കെ ആണ് മരണം.