വെമ്പായത്തു നിന്ന് കാണാതായ പെണ്‍കുട്ടി തല പൊട്ടി ചോരയൊലിക്കുന്ന നിലയില്‍ പൊന്തക്കാട്ടില്‍, ദുരൂഹത

തിരുവനന്തപുരം: കാണാതായ പെണ്‍കുട്ടിയെ റോഡരികിലെ പൊന്തക്കാട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. വെമ്പായത്തെ റോഡരികിലാണ് 12 വയസ്സുകാരിയെ തല പൊട്ടി ചോരയൊലിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് വെമ്പായം പെരുമ്പൂരിലെ റോഡരികില്‍ പെണ്‍കുട്ടിയെ ചോരയൊലിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികിലെ പൊന്തക്കാട്ടില്‍നിന്ന് എന്തോ ഞെരക്കം കേട്ടുനോക്കിയ വഴിയാത്രക്കാരനാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ സമീപത്തെ വീട്ടിലെ സ്ത്രീകളെ വിളിച്ചുവരുത്തുകയായിരുന്നു. ഉടന്‍തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

റോഡരികില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി കഴിഞ്ഞദിവസം പോലീസിന് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്. പോലീസ് രാത്രി മുതല്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. തുടര്‍ന്ന് രാവിലെയും അന്വേഷണം തുടരുന്നതിനിടെയാണ് പരിക്കേറ്റനിലയില്‍ പെണ്‍കുട്ടിയെ റോഡരികില്‍നിന്ന് കണ്ടെത്തിയത്