കടുവ സിനിമയിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമർശം വന്നതിൽ ഖേദം രേഖപ്പെടുത്തി പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും രംഗത്തെത്തിയിരുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നാണ് ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. സിനിമയിലെ ആ വിവാദ ഡയലോഗ് പരിഷ്കാരപ്പെടുത്തി, മാറ്റിയ ഡയലോഗുകൂടി സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം. ചിലര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ചിന്തിക്കാത്ത ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ആ തെറ്റ് തിരുത്താൻ ബാധ്യസ്ഥരാണെന്നും തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്‍റെ വെളിപ്പെടുത്തല്‍.
🔴ജിനു എബ്രഹാമിന്‍റെ വാക്കുകള്‍:
‘‘ചില ആളുകളെ നമ്മള്‍ ബുദ്ധമുട്ടിച്ചിട്ടുണ്ടെങ്കില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം കാണണം, ചിലര്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ നമ്മള്‍ ചിന്തിക്കാത്ത ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ആ തെറ്റ് തിരുത്താൻ നമ്മള്‍ ബാധ്യസ്ഥരാണ്. ചൂണ്ടിക്കാണിച്ചപ്പോൾ ആ തെറ്റ് മനസിലായി, ആ തെറ്റിന് മാപ്പ് ചോദിച്ചു. തിരുത്താൻ തയാറാകുന്നു. അതല്ലാതെ എന്താണ് ഇതിനകത്ത് ചെയ്യാൻ പറ്റുക.
ചിത്രത്തിലെ നായകനെ എപ്പോഴും നല്ലതുമാത്രം പറഞ്ഞു നടക്കുന്ന ആളായിട്ടല്ല കാണിച്ചിരിക്കുന്നത്. അയാള്‍ക്ക് തെറ്റുകള്‍ പലതും പറ്റുന്നുണ്ട് ഇതിനകത്ത്. നാക്കിന് എല്ലില്ലാത്ത നാടന്‍ സ്വഭാവം കാണിക്കുന്നുണ്ട്. ആ സ്വഭാവം തന്നെയാണ് അയാള്‍ക്ക് പണിയാവുന്നതും. എല്ലാം ശരി മാത്രം ചെയ്യുന്ന ആളുകളെ നമ്മള്‍ ജീവിതത്തില്‍ കാണുവാന്‍ കഴിയില്ലല്ലോ, അതുപോലെ തന്നെ തെറ്റുമാത്രം ചെയ്യുന്ന ആളുകളെയും കണ്ടിട്ടില്ല, അതുകൊണ്ടാണ് ചിത്രത്തില്‍ വിവേക് ഒബ്രോയിയുടെ കഥാപാത്രം നന്മയുള്ള മനുഷ്യനാണ്, ഭാര്യയെ സ്നേഹിക്കുന്ന, അമ്മയെ സ്നേഹിക്കുന്ന, മക്കളെ സ്നേഹിക്കുന്ന അയാളുടെ ഒരു നല്ല വശം കാണിക്കുന്നുണ്ട്. അതുപോലെ തന്നെ നായകനും നല്ലതും ചീത്തയുമായ വശമുണ്ട്. ആ ഒരു കണ്‍സെപ്റ്റിലാണ് എഴുതിയത്. ആ വിവാദമായ ഡയലോഗ് പറയുമ്പോഴും കേള്‍ക്കുന്ന ആളിനുണ്ടാവുന്ന വേദന ആ സിനിമയില്‍ കൃത്യമായി കാണിക്കുന്നുണ്ട്. വിവേക് ഒബ്രോയി അവിടെ പറയുന്നുണ്ട് എന്‍റെ ദിവസം നശിച്ചുവെന്ന്.
നമുക്ക് മാറ്റുവാന്‍ പറ്റുന്നത് സിനിമ അല്ലെ ഒള്ളു, സിനിമയില്‍ പറഞ്ഞു പോയ വാക്ക് നമുക്ക് മ്യൂട്ട് അടിക്കാന്‍ പറ്റും. ജീവിതത്തില്‍ പറഞ്ഞുപോയ വാക്ക് നമുക്ക് തിരിച്ചെടുക്കാന്‍ പറ്റില്ല, സിനിമയില്‍ നമുക്ക് അത് മാറ്റുവാന്‍ സാധിക്കും, അത് മാറ്റിയിരിക്കും. അതുകൊണ്ട് തന്നെ ഞങ്ങളുടെ സിനിമയിലെ ആ വിവാദ ഡയലോഗ് പരിഷ്കരിക്കപ്പെടും. മാറ്റിയ ഡയലോഗോട്കൂടി സിനിമ പ്രദര്‍ശിപ്പിക്കും.’’