അച്ഛൻ മരിച്ച കുഞ്ഞിന്റെ പേരിനൊപ്പം അമ്മ രണ്ടാം ഭർത്താവിന്റെ പേര് ചേർക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും ഇക്കാര്യം അമ്മയ്ക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ രീതിയിൽ, കുഞ്ഞിനു പേരു നൽകിയതു തിരുത്താൻ ആവശ്യപ്പെട്ട ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി റദ്ദാക്കി.
രണ്ടാം ഭർത്താവിനെ കുഞ്ഞിന്റെ രണ്ടാനച്ഛനായി മാത്രമേ രേഖകളിൽ ചേർക്കാവു എന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ നിലപാട്. ഇതു ക്രൂരവും മനഃസാക്ഷിയില്ലാത്തതുമാണെന്നു ജഡ്ജിമാരായ ദിനേഷ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ആദ്യ ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതോടെയാണ് വിഷയം കോടതിയിലെത്തിയത്.