സംരക്ഷണമൃഗമായ കോഴമാനിനെ കൊന്ന് മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ.

നെടുമങ്ങാട്: സംരക്ഷണമൃഗമായ   കോഴ മാനിനെകൊന്ന് മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ. വെള്ളയംദേശം കക്കോട്ടുക്കുന്ന് ശരൺ ഭവനിൽ സതീശൻ (39),കാഞ്ചിനട കക്കോട്ടുകുന്ന് കൂരിമൂട് വീട്ടിൽ രാജേന്ദ്രൻ (49), പിരപ്പൻകോട് കുതിരകുളം ഈട്ടിമൂട് തോട്ടരികത്തുവീട്ടിൽ അൻഷാദ് (39) എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസർ എസ്.സൂര്യയും സംഘവും അറസ്റ്റു ചെയ്തത്.നേരത്തെ ഈ കേസിൽ പാലോട് റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷജീദ്, വനംവകുപ്പിലെ താത്കാലിക ജീവനക്കാൻ സനൽരാജ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പാലോട് റെയ്ഞ്ച് ഓഫീസറെയും കുറ്റം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും വനംവകുപ്പുമന്ത്രി ഇടപെട്ട് കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. മേയ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൂളിയാമലയ്ക്കുസമീപം കേഴമാൻ കാലിൽ മുറിവേറ്റുകിടക്കുന്ന വിവരം നാട്ടുകാർ ബീറ്റ് ഫോറസ്റ്റ് ഓഫീസറായിരുന്ന ഷജീദിനെ അറിയിച്ചു. ഷജീദ് സനൽരാജിനെയും കൂട്ടി സംഭവസ്ഥലത്തെത്തി കേഴമാനിനെ ജീപ്പിൽ കയറ്റി പാലോട് വി.ബി.ഐ. ആശുപത്രിയിലേക്ക് എന്ന വ്യാജേന കാഞ്ചിനടയിലെ രാജേന്ദ്രന്റെ വീട്ടിലെത്തിച്ചു. രാജേന്ദ്രൻ ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസം. അൻഷാദ്, സതീശൻ എന്നിവരുടെ സഹായത്തോടെ കേഴമാനിനെ ഇവിടെയിട്ട് വെട്ടി മാംസം പങ്കിട്ടു. ശേഷിച്ച എല്ലും മാംസഭാഗങ്ങളും കാലംകാവിനടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു.ആദ്യ അന്വേഷണത്തിൽ ഷജീദും, സനൽരാജും പിടിയിലായി. തുടർന്നുള്ള അന്വേഷണത്തിലാണ് ബുധനാഴ്ച പുലർച്ചെയോടെ മറ്റു മൂന്നു പ്രതികളും അന്വേഷണസംഘത്തിന്റെ വലയിലായത്. ഇതിൽ അൻഷാദ് നേരത്തെ പാലോട് റെയ്ഞ്ചിൽ ഫയർവാച്ചറായി താത്കാലിക ജോലി നോക്കിയിരുന്നു. സംരക്ഷിക്കേണ്ട മൃഗത്തെ വെട്ടി മാംസം പങ്കിട്ട സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംരക്ഷിതമൃഗത്തെ കൊന്ന കുറ്റത്തിന് ഏഴുവർഷം മുതൽ പത്തുവർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.സംഭവം ആദ്യമന്വേഷിച്ച പാലോട് റെയ്ഞ്ച് ഓഫീസർ ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം നൽകിയത്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷിജു . എസ്.പി.നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബിജുകുമാർ, സന്തോഷ്കുമാർ, അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു .