തിരുവനന്തപുരം കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഒരാൾക്ക് വയറിൽ കുത്തേറ്റു. മറ്റേയാൾക്ക് തലയ്ക്കാണ് പരിക്ക്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തെങ്കാശി സ്വദേശികളായ മുരുകൻ (27), മണികണ്ഠൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുരുക്കുംപുഴയിൽ ട്രെയിൻ തട്ടി മരിച്ചയാളുടെ സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.വയറിൽ കുത്തേറ്റ മുരുകന്റെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുവായ അന്തോണിയെന്ന സ്ത്രീ (65) ഇന്നലെ മുരുക്കുപുഴ റെയിൽവേ ക്രോസിൽ വച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കഴക്കൂട്ടം കരിയിൽ വാടകയ്ക്ക് താമസിക്കുന്ന സത്യരാജിനെ ആക്രമിക്കാൻ ബന്ധുവായ മണികണ്ഠന്റെ നേതൃത്വത്തിൽ എത്തുകയായിരുന്നു.പലവട്ടം ഈ സംഘം ഏറ്റുമുട്ടിയിരുന്നു. തുടർന്ന് ആറു മണിയോടെയാണ് സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തിയത്. കത്തിക്കുത്തിൽ മുരുകന് വയറിൽ ഗുരുതരപരുക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലയ്ക്കാണ് പരിക്ക്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്ന ഇവർക്ക് ലഹരിക്കച്ചവടമുണ്ടോയെന്നും എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.