വിദേശകാര്യ മന്ത്രാലയം ഇടപെട്ടു, തടസ്സങ്ങൾ നീങ്ങി; അമ്മയുടെ അന്ത്യകർമം ചെയ്യാൻ വിദേശമലയാളി നാട്ടിൽ

തിരുവനന്തപുരം : അമ്മയുടെ മരണവിവരമറിഞ്ഞ് കാനഡയിൽ നിന്നെത്തിയ വിദേശ പൗരത്വമുള്ള മലയാളിക്ക് കേരളത്തിലെത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം. കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടറായി വിരമിച്ച പേയാട് അലകുന്നം പാഞ്ചജന്യത്തിൽ സന്തോഷ് കുമാർ പിള്ള (58)യ്ക്കു നാട്ടിലെത്താനാണ് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസും ഖത്തറിലെ ഇന്ത്യൻ കോൺസുലേറ്റും ഇടപെട്ടത്. സംഭവത്തെക്കുറിച്ച് സന്തോഷ് കുമാർ പിള്ള (58) പറയുന്നു:
‘കാനഡയിലെ ടൊറന്റോയിൽ ന്യൂക്ലിയർ ഇൻസ്പെക്ടറായി വിരമിച്ച ഞാൻ വർഷങ്ങളായി അവിടത്തെ പൗരനാണ്. തിങ്കളാഴ്ച രാവിലെ അമ്മ മരിച്ചെന്നറിഞ്ഞ് പെട്ടെന്നു ടിക്കറ്റ് ബുക്ക് ചെയ്ത് പുറപ്പെട്ടപ്പോൾ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒസിഐ) പാസ്പോർട്ട് എടുക്കാൻ മറന്നു. ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലേക്കു കയറാൻ നേരമാണ് ഒസിഐ ആവശ്യപ്പെട്ടത്. ഇല്ലെന്നു മനസ്സിലായപ്പോൾ തിരുവനന്തപുരത്ത് എത്തിയ ശേഷം വീസ എടുക്കാൻ കഴിയുമോയെന്നറിയാൻ ഖത്തർ എയർവേയ്സ് അധികൃതരും ഞാനും തിരുവനന്തപുരത്തെ ഫോറിൻ റീജണൽ റജിസ്ട്രേഷൻ ഓഫിസറെ (എഫ്ആർആർഒ) ബന്ധപ്പെട്ടു. പക്ഷേ, ഫലമുണ്ടായില്ല.
തിങ്കള‍ാഴ്ച രാത്രിയോടെ ഖത്തർ ഏവിയേഷൻ അധികൃതർ എന്നെ കാനഡയിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനിച്ചു. രാവിലെ 7 മണിക്കു മുൻപ് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്നു നോക്കാൻ അവർ പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കുമെല്ലാം ഞാൻ മെയിലിൽ അപേക്ഷ അയച്ചു. ചൊവ്വ പുലർച്ചെ 5.20 ന്, എന്റെ പരാതി ലഭിച്ചു എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് മറുപടി നൽകി. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനാൽ നിരാശനായി, ഞാൻ ടൊറന്റോയിലേക്കുള്ള വിമാനം കയറാൻ ക്യൂവിൽ നിൽക്കുമ്പോഴാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു വിളിച്ചത്. വളരെ വേഗം അവർ ഇടപെട്ടു.5 മിനിറ്റു കഴിഞ്ഞപ്പോൾ എന്റെ പേര് അനൗൺസ്മെന്റിൽ കേട്ടു. എന്നെ തിരിച്ചു ചെല്ലാൻ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിച്ചിരിക്കുന്നു എന്നു പറഞ്ഞു. എയർപോർട്ട് അധികൃതർ എന്നെ കോൺസുലേറ്റിൽ എത്തിച്ചു. ഒരു മണിക്കൂറ‍ിനുള്ളിൽ അവിടെ നിന്ന് എനിക്കു വീസ ലഭിച്ചു. ബുധനാഴ്ച പുലർച്ചെ 3 മണിക്ക് ഞാൻ തിരുവനന്തപുരത്ത് എത്തി. അമ്മയ്ക്ക് അന്ത്യ കർമ്മങ്ങൾ ചെയ്തു–’ സന്തോഷ് കുമാർ പറയുന്നു. ബുധനാഴ്ച രാവിലെ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സന്തോഷ് കുമാറിന്റെ അമ്മ എസ്.എം.രാധമ്മയുടെ സംസ്കാരം.