‘ദൈവമേ... അതിനകത്ത് ഉണ്ടയുണ്ടായിരുന്നോ?’, ഞെട്ടി വിറച്ചു ജീവനക്കാർ; എറണാകുളം കലക്ടറേറ്റിൽ നിറതോക്കു ചൂണ്ടി വയോധികൻ

കാക്കനാട്• ‘ദൈവമേ... അതിനകത്ത് ഉണ്ടയുണ്ടായിരുന്നോ?’ – പൊലീസെത്തി റിവോൾവറിൽ നിന്നു 8 തിരകൾ പുറത്തെടുത്തപ്പോൾ കലക്ടറേറ്റ് തപാൽ വിഭാഗത്തിലെ ജീവനക്കാർ ഞെട്ടി വിറച്ചു. തോക്ക് ചൂണ്ടിയപ്പോൾ അടുത്തിരുന്ന ജീവനക്കാർ ഓടി മാറിയെങ്കിലും ഒരു ജീവനക്കാരി അനങ്ങാനാകാത്ത വിധം തോക്കിനു മുൻപിൽ അകപ്പെട്ടു പോയി. തിരയുണ്ടായിരുന്ന തോക്കായിരുന്നു അതെന്ന അറിവാണ് ജീവനക്കാരിയെ പിന്നീടു ഞെട്ടിച്ചത്. പ്രായാധിക്യത്താൽ വിറയ്ക്കുന്ന കൈകളിൽ ഉയർത്തിയ തോക്കിന്റെ കാഞ്ചിയിലായിരുന്നു വിരലെന്നതു ജീവനക്കാർ ശ്രദ്ധിച്ചു.
ഒന്നും സംഭവിക്കാതിരുന്നതിൽ ദൈവത്തോട് നന്ദി പറയുകയാണ് ജീവനക്കാർ. സംഭവം നടക്കുമ്പോൾ കലക്ടർ ജാഫർ മാലിക്, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹ‌ാൻ തുടങ്ങിയവർ ചേംബറിലുണ്ടായിരുന്നു. കലക്ടറേറ്റിലെ സാർജന്റ് രാമചന്ദ്രന്റെ നേതൃത്വത്തിലാണ് വയോധികനെ അനുനയിപ്പിച്ചു സ്ഥലത്തു നിന്നു മാറ്റിയത്. പല പ്രശ്നങ്ങളുടെയും പേരിൽ പുറമേ നിന്നുള്ളവർ ബഹളം സൃഷ്ടിച്ച സംഭവങ്ങൾ മുൻപ‌് ഉണ്ടായിട്ടുണ്ടെങ്കിലും തോക്ക് ഉയർത്തിയുള്ള വാഗ്വാദം കലക്ടറേറ്റിൽ ആദ്യമാണ്.


കാക്കനാട്• നിറ തോക്കുമായി കലക്ടറേറ്റിലെത്തിയ വയോധികൻ വനിതാ ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ഭയന്ന ജീവനക്കാർ ഇരിപ്പിടം വിട്ട് ഓടി. തോക്ക് പിടിച്ചെടുത്ത പൊലീസ് അതിനകത്തു 8 തിരകൾ കണ്ടെത്തി.ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. തോക്കിന്റെ ലൈസൻസ് പുതുക്കാൻ നൽകിയിരുന്നതിന്റെ പുരോഗതി അറിയാൻ എത്തിയ മൂവാറ്റുപുഴ മുടവൂർ സ്വദേശിയായ എൺപത്തിനാലുകാരനാണ് കലക്ടറേറ്റിലെ തപാൽ വിഭാഗത്തിനു മുൻപിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.റിട്ട.ഡപ്യൂട്ടി തഹസിൽദാരാണെന്ന് വയോധികൻ ജീവനക്കാരോടു പറഞ്ഞു. ലൈസൻസ് പുതുക്കാൻ വൈകുമെങ്കിൽ അതിനൊപ്പമുള്ള ഒരു രേഖ തിരികെ ആവശ്യപ്പെട്ടു. പുതുക്കൽ കഴിഞ്ഞു മാത്രമേ ഇതു തിരികെ നൽകാനാകൂയെന്നു ജീവനക്കാർ പറഞ്ഞു. സംസാരം മുറുകുന്നതിനിടെ ബാഗിൽ നിന്നു പെട്ടെന്നു തോക്കെടുത്തു ജീവനക്കാർക്കു നേരെ ചൂണ്ടുകയായിരുന്നു. രണ്ടു വനിതാ ജീവനക്കാരാണ് പുറത്തേക്ക് ഓടിയത്. തോക്കിന് മുന്നിൽ അകപ്പെട്ട ജീവനക്കാരി ഓടാൻ കഴിയാത്ത വിധം സ്തംഭിച്ചിരുന്നു.കലക്ടറേറ്റിലെ സുരക്ഷാ വിഭാഗം ജീവനക്കാരെത്തി വയോധികനെ അനുനയിപ്പിച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് എസ്.ഷാജഹാന്റെ ഓഫിസിലെത്തിച്ചു. തോക്ക് ബലമായി വാങ്ങി ഓഫിസ് മേശയിലേക്കു മാറ്റി. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് നിറ തോക്കാണെന്ന് വ്യക്തമായത്. ആത്മരക്ഷാർഥം .22 ബോർ റിവോൾവർ കൈവശം വയ്ക്കാനുള്ള ലൈസൻസ് 2007 മുതൽ ഇദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. ഇത്തവണത്തെ പുതുക്കൽ അപേക്ഷയിന്മേൽ പൊലീസിന്റെ റിപ്പോർട്ട് തേടിയിരിക്കുകയാണ്.മുടവൂരിലെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ജീവനക്കാരെ ഭീഷണിപ്പെടുത്താനല്ല, അവരെ കാണിക്കാനാണ് തോക്കെടുത്തതെന്നാണ് വയോധികന്റെ വിശദീകരണം. സംഭവം സംബന്ധിച്ചു കലക്ടറേറ്റിൽ നിന്നു പൊലീസിനു റിപ്പോർട്ട് നൽകിയെങ്കിലും പരാതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പ്രശ്നക്കാരനല്ലെന്നും തോക്കിന് ലൈസൻസ് ഉണ്ടെന്നതും പരിഗണിച്ചു കേസെടുക്കാതെ വയോധികനെ ബന്ധുക്കൾക്കൊപ്പം ഇന്നലെ രാത്രി പറഞ്ഞു വിട്ടു.