പരവൂർ: സ്ഥിരമായി കടയിൽ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധം നിമിത്തം യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ ആയി. കലയ്ക്കോട് ഹെലൻ ഹൗസിൽ ഷാജി എന്നു വിളിക്കുന്ന സുനിൽ കുമാർ (50) നെ ആണ് പരവൂർ പോലീസ് പിടികൂടിയത്.
പരവൂർ, കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ സ്ഥിരമായി മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നതിനാൽ സുനിൽകുമാറിനേയും സുഹൃത്തിനേയും കടയുടമ വിലക്കിയിരുന്നു. ഈ വിരോധത്താൽ പ്രതികൾ യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു. സുനിൽ കുമാറിന്റെ സുഹൃത്തായ രണ്ടാം പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇത് തടയാൻ ശ്രമിച്ച യുവതിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ യുവതി നൽകിയ പരാതിയിൽ പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി ആയ സുനിൽ കുമാർ പിടിയിൽ ആയത്.
പരവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാർ എയുടെ നേതൃത്വത്തിൽ എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ രമേശൻ എസ്.സി.പി.ഒ റിലേഷ് ബാബു, സിപി അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.