രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അലനു മുന്നിൽ ഓട്ടിസം ഒരിക്കൽക്കൂടി അടിയറവു പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് നേടിയ അലൻ ഇനി ബുള്ളറ്റ് ഓടിച്ച് കുട്ടനെല്ലൂർ ഗവ. കോളജിലെത്തും. അയ്യന്തോളിൽ ഡ്രൈവിങ് ടെസ്റ്റിനിടെ പാളിച്ചകളില്ലാതെ ഇരുചക്ര വാഹനം ഓടിച്ച പയ്യനെ നോക്കി വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു: ‘ഇവനല്ലാതെ പിന്നെ ഞാൻ ആർക്ക് ലൈസൻസ് കൊടുക്കും?’. ‘സിവിയർ ഓട്ടിസം’ ബാധിതരിൽ ഡ്രൈവിങ് ലൈസൻസ് നേടുന്ന അപൂർവം ചിലരിൽ ഒരാളായി അലൻ.20 വർഷം മുൻപാണു ഡോക്ടർമാർ കുട്ടിക്ക് 75% ഓട്ടിസമുണ്ടെന്നു തിരിച്ചറിഞ്ഞത്. കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിനു സമീപം ബെത്‌ലെഹം വീട്ടിൽ കൂർക്കഞ്ചേരിക്കാരൻ ജോഷിയുടെയും പ്രിൻസിയുടെയും രണ്ടാമത്തെ മകൻ അലന്റെ വിജയം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ല. താങ്ങും തണലുമായി നിന്ന കുടുംബത്തിന്റെ 20 വർഷത്തെ അദ്ധ്വാനം ഇതിനു പിന്നിലുണ്ട്.ആറാമത്തെ വയസ്സിൽ മാത്രം സ്വന്തം കൈ കൊണ്ടു ഭക്ഷണം കഴിച്ച അലൻ ഇപ്പോൾ സ്വയം പാചകം ചെയ്യും. പതിനൊന്നാമത്തെ വയസ്സിൽ മാത്രം ഒറ്റയ്ക്കു പല്ലുതേച്ചു തുടങ്ങിയ അലൻ പ്ലസ് ടു വിനു 4 കിലോമീറ്റർ അകലെയുള്ള അഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഒറ്റയ്ക്ക് സൈക്കിൾ ഓടിച്ചാണു പോയിരുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളികൾ തങ്ങളുടെ ഭിന്നശേഷിക്കാരായ മക്കളെ വളർത്താൻ സമൂഹ മാധ്യമങ്ങളിലൂടെ പ്രിൻസിയുടെ സഹായം തേടിക്കൊണ്ടിരിക്കുന്നു. അലൻ ഇരുചക്ര വാഹനം ഓടിച്ചതിലും ഡ്രൈവിങ് ലൈസൻസ് എടുത്തതിലും പിതാവ് ജോഷിയുടെ അദ്ധ്വാനമുണ്ടായിരുന്നു. 6 മാസമാണ് ഇതിനു മാത്രം വേണ്ടിവന്നത്. 75% മാർക്കോടെ പത്താം ക്ലാസ് പരീക്ഷ ജയിച്ച അലൻ പ്ലസ്ടുവിലും മികച്ച വിജയമാണ് നേടിയത്.