അതേസമയം പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിനെയും സിപിഎമ്മിനെയും വലിയ സമ്മർദ്ദത്തിലാക്കി. എകെജി സെൻററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി, സംഭവത്തിന് ശേഷം ലോ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് മുന്നോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടക വസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക്, മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.
എട്ട് പൊലീസുകാര്‍ എകെജി സെന്‍ററിന് മുന്നില്‍ സുരക്ഷാ ജോലി നോക്കുമ്പോഴാണ്സ്കൂട്ടറിലെത്തിയ അക്രമി രാത്രി സ്ഫോടക വസ്തു വലിച്ചറിഞ്ഞ് രക്ഷപ്പെട്ടത്. എകെജി സെന്‍ററിനുള്ളിലിരുന്നവര്‍ പോലും ഉഗ്ര സ്ഫോടക ശബ്ദം കേട്ടതായി പറയുന്നു. പക്ഷെ എകെജി സെന്‍ററിന് മുന്നിലും, എതിരെ സിപിഎം നേതാക്കള്‍ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലും നിലയുറപ്പിച്ചിരുന്ന പൊലീസുകാര്‍ അക്രമിയെ കണ്ടില്ല. സ്ഫോടക വസ്തു നിരോധന നിയമവും സ്ഫോടനമുണ്ടാക്കി സ്വത്തിനും ജീവനും നാശം വരുത്തുന്ന വകുപ്പും ചുമത്തിയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.