പാലം മുങ്ങിയാൽ അത്യാവശ്യക്കാർക്ക് മറുകരയെത്താൻ പഞ്ചായത്തിന്റെ ഒരു വള്ളമുണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ ചെയ്യാത്തത് കൊണ്ട് ഉപയോഗിക്കാൻ സാധിക്കാത്ത നിലയിലാണ്. ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ പാലത്തിലെ വെള്ളമിറങ്ങാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഇതിനിടെ ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. പതിനാറാംകണ്ടം ചോട്ടുപുറത്ത് എൽസമ്മയുടെ വീടാണ് തകർന്നത്. കുടുംബാംഗങ്ങൾ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ വഴിയൊരുക്കിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ഇത് ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലൈ 5 ,6, 7 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്