‘തെമ്മാടി നിഘണ്ടുവും പുലയാട്ടു ഭാഷയും’; എം എം മണിക്കെതിരെ കെ കെ ശിവരാമന്‍

എംഎം മണിയെ സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന്‍ പറഞ്ഞു. സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ മണി നടത്തിയ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു ശിവരാമന്‍.

എംഎം മണി കുറേ നാളായി ഈ പുലയാട്ടു ഭാഷ തുടരുകയാണ്. ഇതു നാട്ടുഭാഷയാണെന്നു പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവും. അവരാരും ഈ ഭാഷ ഉപയോഗിക്കുന്നില്ല.

ഇടതു പക്ഷ രാഷ്ട്രീയമെന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണ്. മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. ഇതു സിപിഎം നേതൃത്വം ഇടപെട്ടു തിരുത്തുകയാണ് വേണ്ടതെന്ന് ശിവരാമന്‍ പറഞ്ഞു.

ആനരാജയ്‌ക്കെതിരെയും മണി:

സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയും സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശം. കെകെ രമ വിഷയത്തില്‍ മണിക്കെതിരെ നേരത്തെ ആനി രാജ രംഗത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് മണി വിവാദ പരാമര്‍ശം നടത്തിയത്. ”അവര്‍ ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു മണി മാധ്യമങ്ങളോടു പറഞ്ഞത്.

ആനി രാജ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എംഎം മണി പറഞ്ഞു. അവര്‍ കേരളത്തില്‍ അല്ലല്ലോ, ഡല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍. കേരളത്തില്‍ നടക്കുന്ന കാര്യമൊന്നും അവര്‍ക്ക് അറിയേണ്ടല്ലോ എന്നും മണി പറഞ്ഞു.

കെകെ രമയ്‌ക്കെതിരെ സമയം കിട്ടിയാന്‍ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പ്രതികരിച്ചു. ഇതൊന്നും വണ്‍ വേ അല്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ രമ എന്തിനാണ് എംഎല്‍എ പണിക്കു വന്നതെന്നും മണി ചോദിച്ചു.