വെഞ്ഞാറമൂട് : ഗവ.ഉദ്യോഗസ്ഥയ്ക്ക് നേരെ അജ്ഞാതന്റെ രാത്രി ആക്രമണം നടന്നപ്പോൾ പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന വാർത്ത ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് പൊക്കി. വാമനപുരം പൂവത്തൂർ ഗ്രീഷ്മ ഭവനിൽ റിജേഷ്(23) ആണ് അറസ്റ്റിലായത്. ബുധൻ രാത്രി 9.30നാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും ജോലി കഴിഞ്ഞ് സായാഹ്ന ക്ലാസിനു പോയിട്ട് സംസ്ഥാന പാത വഴി വന്ന യുവതിയെ വാമനപുരത്തിനു സമീപത്തു വച്ച് ഇയാൾ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് യുവതി പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. ആക്രമണം വീണ്ടും 2 സ്ഥലത്ത് ആവർത്തിച്ചു. ഓരോ തവണയും യുവതി പൊലീസ് സഹായം തേടി. എന്നാൽ യുവതിയുടെ അഭ്യർത്ഥന പൊലീസ് ഗൗരവമായി എടുത്തില്ലെന്ന് പരാതിക്കാർ പറയുന്നു.മൂന്നാമത് തവണ ആറാന്താനത്തിനു സമീപത്തു വച്ച് അക്രമി ബൈക്ക് റോഡിനു കുറുകെ വച്ച് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രികരാണ് യുവതിയെ രക്ഷിച്ച് ബന്ധുക്കളുടെ അടുത്തെത്തിച്ചത്.പിന്നീട് ബന്ധുക്കളോടൊപ്പം രാത്രിയിൽ വീണ്ടും വെഞ്ഞാറമൂട്ടിലെത്തി പൊലീസിൽ പരാതി നൽകിയാണ് യുവതി മടങ്ങിയത്. പൊലീസ് സംഭവത്തെ ഗൗരവമായി കണ്ടില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ബുധൻ രാത്രി 9.30ന് ഉണ്ടായ സംഭവത്തിൽ വ്യാഴം വൈകിട്ടു വരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇന്നലെ പുലർച്ചെ വാർത്ത ശ്രദ്ധയിൽപെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ 6 മണിയോടെ പരാതിക്കാരിയെ പൊലീസ് വിളിച്ചു. പ്രതി പിടിയിലായിട്ടുണ്ടെന്നും സ്റ്റേഷനിലെത്തി ഇയാൾ തന്നെയാണോ പ്രതി എന്ന് ഉറപ്പു വരുത്തണമെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു.പരാതിക്കാരി നൽകിയ ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യ ദിവസം കണ്ടെത്താനായില്ലെന്നും അടുത്ത ദിവസം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു വ്യാപക അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.