കടം അപകടം
ജോലിയിലെ അസ്ഥിരതയാണ് പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നം. നിലവിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന വായ്പ തിരിച്ചടയ്ക്കും വരെ ജോലി ഉണ്ടാവണമെന്നില്ല. ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എടുത്ത പണം അത്രയും തിരികെ അടയ്ക്കേണ്ടി വരും. അപ്പോഴും രൂപയുടെ മൂല്യം കുറഞ്ഞ അവസ്ഥയിലാണെങ്കിൽ അയച്ച പണം തിരിച്ചടയ്ക്കാൻ നാട്ടിൽ വീണ്ടും കടം വാങ്ങേണ്ടി വരും.
നാട്ടിലേക്ക് അധികമായി പണം ലഭിക്കുമ്പോൾ ചെലവാക്കുന്നത് കൂടും. ഇവിടെ കടം വാങ്ങി അയയ്ക്കുന്ന പണമാണെന്നോ പലിശ നൽകേണ്ടി വരുമെന്നോ നാട്ടിലുള്ളവർക്ക് ഓർമയുണ്ടാകണം എന്നില്ല. അധികമായി ലഭിച്ച പണം ധൂർത്തടിച്ചാൽ തിരിച്ചടവിനു യുഎഇയിൽ ബദൽ മാർഗം പ്രവാസി കണ്ടെത്തേണ്ടി വരും..
രൂപയുടെ മൂല്യം ഇടിഞ്ഞതിനെ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് നാട്ടിൽ വീടു പണി തുടങ്ങി വച്ച പ്രവാസികളാണ്. നാളെ എന്തെങ്കിലും തിരിച്ചടി വിപണിയിൽ നേരിട്ടാൽ വീടിനു മുടക്കിയ പണം തിരികെ ലഭിക്കില്ല. പുതിയതായി സ്ഥലം വാങ്ങാൻ പണം മുടക്കുന്നവരും ഉണ്ട്. രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിൽ വാങ്ങിയ സ്ഥലം അതേ വിലയ്ക്കു പോലും മറിച്ചു വിൽക്കാൻ കഴിയാതെ വരും. മാത്രമല്ല, സ്ഥലം വിൽപനയുമായി ബന്ധപ്പെട്ടു ആധാരത്തിൽ കാണിച്ചിരിക്കുന്ന പണം മാത്രമേ എൻആർഐ അക്കൗണ്ട് വഴി തിരികെ അയയ്ക്കാൻ കഴിയു. വസ്തു ഇടപാടിൽ കണക്കിൽ കാണിക്കാത്ത പണം ലഭിച്ചാൽ പോലും വിദേശത്തേക്ക് അയയ്ക്കാൻ കഴിയില്ല. അപ്പോഴും പ്രതിസന്ധി നേരിടേണ്ടി വരിക മാസശമ്പളം മാത്രം ആശ്രയിച്ചു കഴിയുന്ന പ്രവാസികളാകും.